കേന്ദ്രസർക്കാർ നൽകാനുള്ള ഗ്രാന്റ് അനുവദിക്കണം: മന്ത്രി വാസവൻ
Friday, November 29, 2024 2:58 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാർ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു നൽകാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടായ (വിജിഎഫ്) 817.80 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്നു മന്ത്രി വി.എൻ. വാസവൻ.
ഇതുസംബന്ധിച്ചു കേന്ദ്രത്തെ സമീപിക്കും. നേരത്തേ ഈ തുക വായ്പയായി നൽകാമെന്നാണ് അറിയിച്ചത്. എന്നാൽ തുക തിരിച്ചടക്കേണ്ടി വരുന്പോൾ സംസ്ഥാനത്തിന് 12000 കോടി രൂപയുടെ ബാധ്യതയുണ്ടാകും.
കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള എംപവേർഡ് കമ്മിറ്റിയുടെ ശിപാർശ ഗ്രാന്റായി വിജിഎഫ് നൽകണമെന്നായിരുന്നു. ഇതാണു പിന്നീടു ധനമന്ത്രാലയം വായ്പയാക്കി മാറ്റിയത്. കേന്ദ്രത്തിനു മുഖ്യമന്ത്രി നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
തമിഴ്നാട്ടിലെ തുത്തുക്കുടി തുറമുഖത്തിനു വിജിഎഫ് ഗ്രാന്റായി നൽകിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി വീണ്ടും സർക്കാർ കത്തയയ്ക്കും. കേരളത്തിന് അർഹതയുള്ള വിജിഎഫ് നൽകുമെന്ന പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.