കേരള കോണ്‍ഗ്രസ്-എം നാളെ റബര്‍ ബോര്‍ഡ് മാര്‍ച്ച് നടത്തും
Thursday, November 28, 2024 2:27 AM IST
കോട്ടയം: റബര്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്ന റബര്‍ ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് നാളെ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
കളക്ടറേറ്റിനു മുന്നിനിന്നു രാവിലെ 10.30നു മാര്‍ച്ച് ആരംഭിക്കും. തുടർന്ന് റബര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. മാര്‍ച്ച് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
റബര്‍ വ്യാപാരികള്‍ ഒത്തുകളിച്ച് റബര്‍ വിലയിടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുക, എല്ലാത്തരം റബറിന്റെയും ഇറക്കുമതി ചുങ്കം ഉയര്‍ത്തുക, റബറിന്റെ താങ്ങു വില 250 രൂപയാക്കുക, ഇതിനു കേന്ദ്രസര്‍ക്കാര്‍ സഹായധനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ത്തും. റബര്‍ തൈകള്‍ ഉള്‍പ്പെടെ റബര്‍ ഉത്പന്നങ്ങളും കൈയിലേന്തിയായിരിക്കും മാര്‍ച്ച്.
ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷതവഹിക്കും. വൈസ് ചെയര്മാന്മാരായ എന്‍. ജയരാജ് എംഎല്‍എ, തോമസ് ചാഴികാടന്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പ്രമോദ് നാരായണന് എംഎല്‍എ, ജോസ് ടോം, സണ്ണി തെക്കേടം, ജോര്‍ജുകുട്ടി അഗസ്തി, സഖറിയാസ് കുതിരവേലി, ബേബി ഉഴുത്തുവാല്‍, വിജി എം. തോമസ്, കെ.ജെ. ഫിലിപ്പ്, ജോസഫ് ചാമക്കാല, ഔസേപ്പച്ചന് വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സ്റ്റീഫന്‍ ജോര്‍ജ്, പ്രഫ. ലോപ്പസ് മാത്യു, വിജി എം. തോമസ്, ജോസഫ് ചാമക്കാല എന്നിവര്‍ പങ്കെടുത്തു.