ബസ് കത്തിയ സംഭവം: ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി കെഎസ്ആര്‍ടിസി
Friday, November 29, 2024 2:58 AM IST
കൊച്ചി: പമ്പ-നിലയ്ക്കല്‍ റൂട്ടിൽ സര്‍വീസ് നടത്തുന്ന ലോ ഫ്ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.
ഇലക്ട്രിക്കല്‍ വിഭാഗത്തിലെ രണ്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും സൂപ്പര്‍വൈസര്‍, ഡിപ്പോ എന്‍ജിനിയര്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുളളത്. അപകടത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്.
ബാറ്ററിയില്നിന്നുളള കേബിളുകള്‍ കൃത്യമായി ഘടിപ്പിച്ചിരുന്നില്ല. പ്രധാന കേബിളുകള്‍ ഫ്യൂസ് ഇല്ലാതെ നേരിട്ടാണു ബന്ധിപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് കണക്കിലെടുത്താണ് നടപടിയെന്നുമാണ് വിശദീകരണം.