എയ്റോബിക് നൃത്തച്ചുവടുകളുമായി മന്ത്രി; ഒപ്പം പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും
Friday, November 29, 2024 2:58 AM IST
ഇരിങ്ങാലക്കുട: ഒരു പെണ്കലാലയം മുഴുവന്‍ നൃത്തമയം... ഇളം നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മൂവായിരത്തോളം പെണ്‍കുട്ടികള്‍ പാട്ടിനൊപ്പം ഒരുപോലെ ചുവടുവയ്ക്കുന്നു.
പഠിച്ച കലാലയത്തില്‍ കുട്ടികള്‍ക്കൊപ്പം ചുവടുവയ്ക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും. അധ്യാപകരും അനധ്യാപകരും പ്രിന്‍സിപ്പലും മാനേജരും അവര്‍ക്കൊപ്പം... വേറിട്ട ദൃശ്യവിരുന്നിന്റെ പേരില്‍ യുആര്‍എഫ് ഏഷ്യന്‍ റിക്കാർഡും കോളജ് സ്വന്തമാക്കി.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ആരോഗ്യസംരക്ഷണ സംരംഭമായ ഫിറ്റ് ഫോര്‍ ലൈഫിന്റെ ഉദ്ഘാടനചടങ്ങിലാണ് നൃത്തചാരുത നിറച്ച് എയ്റോബിക്സ് മെഗാ പെര്‍ഫോമന്‍സ് അരങ്ങേറിയത്. ഈ കലാലയത്തിലെ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറുമായിരുന്നു പഠനകാലത്തു മന്ത്രി ഡോ. ആര്. ബിന്ദു.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രാദേശികസമൂഹത്തിനും സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഫിറ്റ് ഫോര്‍ ലൈഫിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി ബിന്ദു നിര്‍വഹിച്ചു. കോളജ് മാനേജര്‍ സിസ്റ്റര്‍ ട്രീസ ജോസ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, കോ ഓര്‍ഡിനേറ്റര്‍ ഡോ. സ്റ്റാലിന് റാഫേല്‍, എസ്ബിഐ തൃശൂര്‍ റീജണല്‍ ഓഫീസര്‍ ആര്. രഞ്ജിനി, പിടിഎ വൈസ് പ്രസിഡന്റ് പി.എന്‍. ഗോപകുമാര്‍, നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, കോളജ് ചെയര്‍പേഴ്സണ്‍ ഗായത്രി മനോജ് എന്നിവര്‍ സംസാരിച്ചു.
കോളജ് ഒരുക്കിയ എയ്റോബിക്സ് മത്സരത്തില്‍ ഗണിതശാസ്ത്ര ഡിപ്പാര്‍ട്ട്മെന്റ് ഒന്നാംസ്ഥാനവും സെല്‍ഫ് ഫിനാന്‍സിംഗ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് രണ്ടാംസ്ഥാനവും ബിബിഎ ഡിപ്പാര്‍ട്ട്മെന്റ് മൂന്നാംസ്ഥാനവും നേടി.
വിവിധ തരം ചാലഞ്ച് ഗെയിമുകള്‍, ഫുഡ് ഫെസ്റ്റ്, ഇലയില്‍ ഊണ്, മത്സരങ്ങള്‍ തുടങ്ങി അനുബന്ധപരിപാടികളും ഒരുക്കിയിരുന്നു.