ഡിസിഎൽ ബാലരംഗം
Friday, November 29, 2024 2:58 AM IST
കൊച്ചേട്ടന്റെ കത്ത്
റോയ്ച്ചാൻചൂ; പേരുകൾക്കുള്ളിലെ നേരിന്റെ വേരുകൾ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
അന്നെറ്റെ ഡുൺടാസ് - ഓസ്ട്രേലിയ, അന്ന കസകോവ - ഉസ്ബെക്കിസ്ഥാൻ, ഖിൻലായ് യീ - മ്യാൻമർ, ഈമ്കുസ്ച് - മലേഷ്യ, ജോവിനാച്യൂ - സിങ്കപ്പൂർ, ചൂച്ചായ് അങ്കബ്ക്യൂ - തായ് ലൻഡ്, ജൂലിയോചാൻ - മക്കാവോ, കണ്ണൻചിറ സെബാസ്റ്റ്യൻ റോയി - ഇന്ത്യ!
2024 നവംബർ 18 മുതൽ 22 വരെ ഡൽഹിയിൽ നടന്ന 35 രാജ്യങ്ങളുൾക്കൊള്ളുന്ന എഷ്യ പസഫിക് റീജിയന്റെ ഇന്റർനാഷണൽ സ്പെഷൽ ഒളിന്പിക്സിന്റെ തലേന്ന് ഡൽഹിയിലെ ലളിത് ഹോട്ടലിൽ ഓരോ രാജ്യത്തിന്റെയും ഡെലഗേഷൻ എച്ച്.ഒ.ഡി. മാരുടെ പ്രഥമ സമ്മേളനത്തിലെ സ്വയം പരിചയപ്പെടുത്തൽ നടക്കുകയാണ്.
ദൈവാനുഗ്രഹത്താൽ സ്പെഷൽ ഒളിന്പിക്സ് ഭാരതിന്റെ ഡെലഗേഷൻ ഹെഡ് ആയി സേവനമർപ്പിക്കാൻ അവസരം ലഭിച്ച ഞാൻ അതിശയത്തോടെ ഓരോ രാജ്യത്തിന്റെയും എച്ച്.ഒ.ഡിമാരുടെ പേരുകൾ ശ്രദ്ധിക്കുകയായിരുന്നു.
പറയാൻതന്നെ എന്തൊരു പ്രയാസം. നാക്ക് ഉളുക്കും എന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയാറില്ലേ? അതിനേക്കാൾ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ പേരുകൾ. എന്റെ പേരുപോലെ പറയാൻ എളുപ്പമുള്ള ഒരു പേരുപോലും ഇല്ലല്ലോ എന്നു ചിന്തിക്കുന്നതിനിടെ, എന്റെ അരികിലിരുന്ന മക്കാവോക്കാരൻ ജൂലിയോ ചാൻ നേരേനോക്കി ചിരിച്ചുകൊണ്ട് എന്റെ പേരു പറഞ്ഞു.
ഖാനാഞ്ചീര സെബ്ത്യാൻ റായ്! പകച്ചുപോയ് ഞാൻ! "അങ്ങനെയല്ല, ഇങ്ങനെ' എന്നു പറഞ്ഞുകൊണ്ട് എന്റെ പേര് ശരിയായി ഉച്ചരിപ്പിക്കാൻ ജൂലിയോ ചാനിനോട് പറയുന്നതുകേട്ട്, തായ് ലൻഡുകാരൻ ചൂച്ചായ് അങ്കബ്ക്യൂ എന്റെ ഐഡി നോക്കി ഒന്നു പറഞ്ഞു നോക്കി. കാണാൻചിര സെബാസ്ത്യാൻ റോയ്...!
ഞങ്ങൾ മൂന്നുപേരും മാത്രമല്ല, അടുത്തിരുന്നവരും പൊട്ടിച്ചിരിച്ചുപോയി! പിന്നീട് താജ്മഹല് ഹോട്ടലിൽ നടന്ന എല്ലാ രാജ്യത്തിന്റെയും എച്ച്.ഒ.ഡിമാരുടെ ഡിന്നർനൈറ്റിൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചായിരുന്നു. അപ്പോൾ തായ് ലാൻഡുകാരൻ ചൂച്ചായ് പറഞ്ഞു, നമ്മുടെ പേരുകൾ പറയാൻ പ്രയാസമായതുകൊണ്ട്, നമുക്കു മൂന്നുപേർക്കുംകൂടെ ഒരു പേര് ഞാൻ ഉണ്ടാക്കി. "റോയ്ച്ചാൻചൂ...' ഞങ്ങൾ അതും പറഞ്ഞ് വീണ്ടും ചിരിച്ചു.
ഹോങ്കോംഗ് ടീം എച്ച്.ഒ.ഡി ഡെറിക് ചുവാൻ പറഞ്ഞതുകേട്ട് എല്ലാവരും കൈയടിച്ചു. ""പേരുകൾ ചേരുന്നില്ലെങ്കിലും എല്ലാവരുടെയും ചിരികൾ ഒന്നാണ്.''
കൂട്ടുകാരേ, ഞങ്ങളുടെ ആ കൂട്ടായ്മയിൽ രാജ്യങ്ങളുടെ, ഭാഷകളുടെ, സംസ്കാരത്തിന്റെ മതബോധങ്ങളുടെയെല്ലാം വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാ വൈജാത്യങ്ങൾക്കുംമേലേ, ഭിന്നശേഷിയുള്ള വ്യക്തികൾക്കായി നിസ്വാർത്ഥമായി അർപ്പിക്കുന്ന നിസ്തുലമായ മാനവിക സ്നേഹത്തിന്റെ നേരിന് സകലരിലും സാജാത്യമുണ്ടായിരുന്നു.
ഭാഷകൾക്കും ഭാഷണങ്ങൾക്കും മേലേ, നന്മനിറഞ്ഞ് കവിയുന്ന മനുഷ്യത്വത്തിന്റെ ശുദ്ധമായ ഭാവംകൊണ്ട്, ഇന്നും ആശയവിനിമയം സാധ്യമാണെന്ന് ഇന്ത്യ നേതൃത്വം നൽകി നടത്തിയ ഈ സ്പെഷൽ ഒളിന്പിക്സ് തെളിയിച്ചു.
ഇന്ന്, അകൽച്ചയുടെ വിത്തുകൾ കൃഷിചെയ്ത്, അയൽക്കാർക്കിടയിൽപോലും അപരിചിതത്വത്തിന്റെ വിളവെടുക്കാൻ താത്പര്യമുള്ള സ്ഥാപിത താത്പര്യക്കാർക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്.
എല്ലാ അകൽച്ചകളേയും സ്നേഹത്തിന്റെ നേരുകൾകൊണ്ട്, കൂട്ടിയിണക്കാൻ ശേഷിയുള്ള നിർമ്മലമായ മാനവികതയിലേക്ക്, ഒന്നായി മുന്നേറാം, നമുക്ക്.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
അരുവിത്തുറ, ചങ്ങനാശേരി മേഖലാ ടാലന്റ് ഫെസ്റ്റുകൾ നാളെ
കോട്ടയം: ഡിസിഎൽ അരുവിത്തുറ, ചങ്ങനാശേരി മേഖലാ ടാലന്റ് ഫെസ്റ്റുകൾ നാളെ യഥാക്രമം അരുവിത്തുറ സെന്റ് മേരീസ് എൽപി സ്കൂളിലും ചങ്ങനാശേരി പാറേൽ തിരുഹൃദയ നിവാസിലും നടക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം. ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം. വിഷയം - എൽ പി വിഭാഗം: കൃത്യനിഷ്ഠയും അച്ചടക്കവും ജീവിത വിജയത്തിന്.
യു.പി വിഭാഗം - (1) അധ്യാപകർ അറിവിന്റെ വഴികാട്ടികൾ (2) മാറുന്ന ലോകവും നിർമ്മിത ബുദ്ധിയും (നിർമിത ബുദ്ധി - Artificial Intelligence - AI) ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് 5 മിനിറ്റു മുന്പ് വിഷയം നൽകും.
മണിമല മേഖല ടാലന്റ് ഫെസ്റ്റ്
മണിമല: ഡിസിഎൽ മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ നടത്തിയ മണിമല-നെടുങ്കുന്നം മേഖല ടാലന്റ് ഫെസ്റ്റിൽ ഹൈസ്കൂൾ വിഭാഗം സെന്റ് തെരേസസ് ജിഎച്ച്എസ് നെടുംകുന്നം ഓവറോൾ നേടി. യുപി വിഭാഗം നെടുമണ്ണി സിസ്റ്റർ അൽഫോൻസാസ് സ്കൂളും എൽപി വിഭാഗത്തിൽ മണിമല ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളും ഓവറോൾ നേടി.
ഡിസിഎൽ നാഷണൽ കോർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ നെടുകുന്നം സെന്റ് തെരേസസ് ജി എച്ച് എസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനി കുമാരി എയ്ഞ്ചലിൻ സിജോ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മത്സരാത്ഥികളിൽ നിന്നും നറുക്കിട്ട് എടുത്താണ് ഉദ്ഘാടകയെ കണ്ടെത്തിയത്.
സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്ത്, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ അൽഫോൻസാ അഗസ്റ്റിൻ, കെ.സി.എസ്.എൽ സ്റ്റേറ്റ് ഓർഗനൈസർ മനോജ് ചാക്കോ, ഡിസിഎൽ മേഖല ഓർഗനൈസർ ജോസഫ് ആന്റണി, ജിജി കെ.ജോസ് എന്നിവർ സംസാരിച്ചു.
ഓവറോൾ നേടുന്ന സ്കൂളുകൾക്ക് കാഞ്ഞിരപ്പള്ളി എംഎൽഎ ഗവ. ചീഫ് വിപ്പ് ഡോ. ജയരാജ് എംഎൽഎ ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫികൾ വിതരണം ചെയ്തു. ഹൈസ്കൂൾ ആന്തം മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്കൂളിന് അധ്യാപകനായ ജിജി കുഴിപതാലിൽ ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫി സിസിഎം ഹൈസ് സ്കൂൾ കരിക്കാട്ടൂരും നേടി.