ആദ്യ പീഡനക്കേസ് പുനഃപരിശോധിക്കുന്നതിന് നിയമോപദേശം തേടാന്‍ പോലീസ്
Thursday, November 28, 2024 2:27 AM IST
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്. കഴിഞ്ഞ തവണ പോലീസിനെ വെട്ടിച്ച് ജര്‍മനിയിലേക്കു കടക്കുകയും അവിടെവച്ച് ഭാര്യയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ചരടുവലിക്കുകയും ചെയ്ത രാഹുലിനെ ഇത്തവണ പിഴവുകള്‍ വരുത്താതെ അകത്താക്കാന്‍ കഴിഞ്ഞത് പോലീസിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
ഇതോടൊപ്പം രാഹുലിനെതിരേയുണ്ടായിരുന്നു ആദ്യ പീഡനക്കേസ് പുനഃപരിശോധിക്കാന്‍ നിയമോപദേശം തേടാനുള്ള നീക്കത്തിലാണ് പോലീസ്. ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നു പരാതിക്കാരിയുടെ പിതാവും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി ആംബുലന്‍സില്‍വച്ചും യുവതിയെ മര്‍ദിച്ചുവെന്ന ഡിവൈഎഫ്ഐ നേതാവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും.
ഡിവൈഎഫ്ഐയുടെ ആംബുലന്‍സിലായിരുന്നു യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ഇത് കേസില്‍ നിര്‍ണായകമാണ്.
രാഹുലിന്റെ വീട്ടിൽനിന്നു തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതി ഇല്ലെന്ന നിലപാടിലായിരുന്നു യുവതി.
രാഹുലിനെതിരേ പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റ വീട്ടില്‍നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി ആദ്യം പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ പറവൂരിൽനിന്നു മാതാപിതാക്കൾ എത്തിയശേഷം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി പരാതി നൽകാൻ തയാറായി. ഇതേത്തുടർന്നാണു രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തത്.
നിലവില്‍ യുവതി മൊഴിയില്‍ ഉറച്ചുനില്ക്കുമെന്നു മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.