വിയ്യൂർ ജയിലിൽ ഇരട്ടി തടവുകാരെ പാർപ്പിക്കുന്നതു നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മീഷൻ
Friday, November 29, 2024 2:58 AM IST
തൃശൂർ: അംഗീകൃതശേഷിയെക്കാൾ ഇരട്ടി തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കുന്നതു നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
സെൻട്രൽ ജയിലിലുള്ള 43 ഉദ്യോഗസ്ഥരുടെ ഒഴിവ് അടിയന്തരമായി നികത്തണം. അന്തേവാസികളെ ആശുപത്രിയിലേക്കും കോടതികളിലേക്കും കൊണ്ടുപോകാൻ പോലീസ് എസ്കോർട്ട് ലഭിക്കാത്തതു ഗൗരവമായി കാണും.
പരിഹാരനിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ജയിൽ ഡയറക്ടർ ജനറൽ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജയിൽ ഡയറക്ടർ ജനറലും ജില്ലാ പോലീസ് മേധാവിയും നിയോഗിക്കുന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 23നു നടക്കുന്ന സിറ്റിംഗിൽ കാര്യങ്ങൾ വിശദീകരിക്കണം.
തടവുകാരനായ സക്കീർ അലിക്കു ചികിത്സ ലഭിക്കുന്നില്ലെന്നാരോപിച്ച് എറണാകുളം പുത്തൻകുരിശ് സ്വദേശി ആഷിക്ക് സമർപ്പിച്ച പരാതിയിലാണു നടപടി. തടവുകാരനു ചികിത്സ നൽകാറുണ്ടെന്നും എല്ലാ തടവുകാരെയും കൃത്യമായി ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് എസ്കോർട്ട് ലഭിക്കാറില്ലെന്നും ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണത്തിൽ പറയുന്നു.
ജയിലിലെ ഓരോ ബ്ലോക്കിലും നൂറിലേറെപ്പേർ തിങ്ങിപ്പാർക്കുന്നു. എൻഐഎ തടവുകാർ, മാവോയിസ്റ്റുകൾ, സ്ഥിരംകുറ്റവാളികൾ, മാനസികരോഗികൾ എന്നിവർക്കു നിരന്തരനിരീക്ഷണം ആവശ്യമാണ്. ഇതിനുള്ള ജീവനക്കാരെയാണ് ആശുപത്രി ഡ്യൂട്ടിക്കു നിയോഗിക്കുന്നത്.
ജയിലിലെ അംഗീകൃതശേഷി 553 ആണ്. 1068 അന്തേവാസികളെയാണ് പാർപ്പിക്കുന്നത്. നിരവധി രോഗബാധിതരുണ്ട്. 160 ഉദ്യോഗസ്ഥർ വേണ്ടിടത്തു 117 പേർ മാത്രമാണുള്ളതെന്നും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.