സിപിഎമ്മുമായി ധാരണയുണ്ടാക്കി 45 ഇടങ്ങളിൽ മത്സരിച്ചിട്ടുണ്ടെന്നു വെൽഫെയർ പാർട്ടി
Friday, November 29, 2024 2:58 AM IST
പാലക്കാട്: സിപിഎമ്മുമായി ധാരണയുണ്ടാക്കി കേരളത്തിലെ 45 ഇടങ്ങളിൽ മത്സരിച്ചിട്ടുണ്ടെന്നു വെൽഫെയർ പാർട്ടി.
2015-ൽ പാലക്കാട് നഗരസഭയിലും പിരായിരി പഞ്ചായത്തിലും ഉൾപ്പെടെ കേരളത്തിലെ 45 ഇടങ്ങളിൽ സിപിഎമ്മുമായി സഹകരിച്ചു ധാരണയോടെ മത്സരിച്ചിട്ടുണ്ടെന്നു ജില്ലാ പ്രസിഡന്റ് പി.എസ്. അബു ഫൈസൽ, വൈസ് പ്രസിഡന്റ് എം. സുലൈമാൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയെ എതിർക്കാൻ രാജ്യത്തു മതേതരശക്തിയായ കോൺഗ്രസിനുമാത്രമേ കഴിയൂ. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. 1996 നുശേഷം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതുമുതലാണ് വെൽഫയർ പാർട്ടി സിപിഎമ്മിനു വർഗീയപാർട്ടി ആയതെന്നു നേതാക്കൾ പറഞ്ഞു.
മതേതരവാദികൾക്ക് ഊർജംപകരുന്ന വിധിയാണു പാലക്കാട് ഉപതെരഞ്ഞെടുപ്പിലുണ്ടായിട്ടുള്ളത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തെരഞ്ഞെടുപ്പിലും വെൽഫയർ പാർട്ടി നിലപാട് സ്വീകരിക്കുന്നത്. പാലക്കാട് ബിജെപിയും സിപിഎമ്മും സ്വീകരിച്ച നിലപാട് മതേതരത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതായിരുന്നു.
രണ്ടാംസ്ഥാനത്തെത്താൻ മത്സരിച്ച സിപിഎം ബിജെപിയെഎതിർക്കുന്നതിനുപകരം യുഡിഎഫ് വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. സിപിഎമ്മിന്റെ എല്ലാ വാദഗതികളും ജനങ്ങൾ തള്ളിക്കളഞ്ഞു. മറ്റൊരു പാർട്ടിയിൽനിന്നു വന്നയാളെ സ്വതന്ത്രനാക്കിയും പ്രത്യേക തരത്തിൽ രണ്ടു പത്രങ്ങളിൽമാത്രം പരസ്യം നൽകിയും മതേതരവോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിച്ചത്. ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഎം ബിജെപിയുടെ പരാജയത്തിൽ വിഷമിക്കുന്നതെന്തിനെന്നു വ്യക്തമാവുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ജില്ലാ സെക്രട്ടറി റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.