കേരളത്തിലെ റെയില്‍വെ പദ്ധതികൾ തടസപ്പെടുന്നു: മുഖ്യമന്ത്രിക്ക് കത്തെഴുതി കേന്ദ്ര റെയില്‍വെ മന്ത്രി
Thursday, November 28, 2024 2:27 AM IST
കൊല്ലം: പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സഹകരിച്ച് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം നിരവധി റെയിൽ അടിസ്ഥാന പദ്ധതികളുടെ പുരോഗതിയെ കാര്യമായി തടസപ്പെടുത്തുന്നുവെന്നു കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ മൂന്നു പാത ഇരട്ടിപ്പിക്കലും ഒരു പുതിയ റെയിൽ ലൈൻ പദ്ധതിയും നടക്കുന്നുണ്ട്. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, എറണാകുളം- കുമ്പളം ലൈൻ ഇരട്ടിപ്പിക്കൽ, കുമ്പളം- തുറവൂർ പാത ഇരട്ടിപ്പിക്കൽ, അങ്കമാലി- ശബരിമല പുതിയ റെയിൽ ലൈൻ എന്നിവയാണ് പ്രസ്തുത പദ്ധതികൾ.
റെയില്‍വെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും സംസ്ഥാനത്തെ സാമൂഹിക-സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതികൾ നിർണായകമാണ്.
12,350 കോടി രൂപയുടെ റെയില്‍വെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കൊപ്പം, 2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് എക്കാലത്തെയും ഉയർന്ന ബജറ്റ് വിഹിതമായ 3,011 കോടി രൂപ ലഭിച്ചുവെന്നും കേന്ദ്രമന്ത്രി കത്തിൽ വ്യക്തമാക്കി.
470 ഹെക്ടർ ഏറ്റെടുത്തതിന് 2,100 കോടി രൂപ സംസ്ഥാനത്തിന് നൽകിയെങ്കിലും 64 ഹെക്ടർ മാത്രമാണ് കേരളം കൈമാറിയതെന്നും കത്തിൽ പറയുന്നു.