നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാൻ കോടതി നിര്‍ദേശം
Thursday, November 28, 2024 3:01 AM IST
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് നവീനിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ നിര്‍ദേശം. അന്തിമ അന്വേഷണറിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.
അന്വേഷണം പൂര്‍ത്തിയാക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും കുറ്റപത്രം നല്കിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും സിംഗിള്‍ ബെഞ്ച് വാദത്തിനിടെ സൂചിപ്പിച്ചു.
ഇതൊരു ആത്മഹത്യക്കേസ് അല്ലേയെന്നായിരുന്നു ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചത്. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതു ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചല്ലോയെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയസ്വാധീനം ഉള്ളതിനാല്‍ പോലീസില്‍നിന്നു നിഷ്പക്ഷമായ അന്വേഷണവും തുടര്‍നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു മറുപടി.
ലോക്കല്‍ പോലീസിലുള്ള പലരെയും ചേര്‍ത്താണ് പ്രത്യേക അന്വേഷണസംഘം രൂപീ
കരിച്ചിട്ടുള്ളത്. പ്രോട്ടോകോള്‍ പ്രകാരം പ്രതിയേക്കാള്‍ താഴെയുള്ള ഇന്‍സ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥന്.
പ്രതിയെ സംരക്ഷിക്കാനാണു സംഘം തെളിവുകളുണ്ടാക്കുന്നത്. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തതു സ്വാധീനത്തിന്റെ ഭാഗമായാണെന്നും ഹർജിയിൽ ചൂണ്ടി ക്കാട്ടുന്നു. ഹർജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ട കോടതി ഹർജി ഡിസംബര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.
സിബിഐ കൂട്ടിലടച്ച തത്ത: എം.വി. ഗോവിന്ദന്
തൊടുപുഴ: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അന്വേഷണത്തക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. സിബിഐയാണ് എല്ലാറ്റിനും അവസാനമെന്ന് അംഗീകരിക്കാനാകില്ല.സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായവും. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും ഗോവിന്ദൻ തൊടുപുഴയിൽ പറഞ്ഞു.