കണ്ണൂരിൽ ചത്തനിലയിൽ കണ്ടെത്തിയ നായയ്ക്ക് പേവിഷബാധ; ജനം ഭീതിയിൽ
Friday, November 29, 2024 2:58 AM IST
കണ്ണൂർ: കണ്ണൂർ റെയില്‍വെ സ്റ്റേഷൻ പരിസരത്ത് ചത്തനിലയിൽ കണ്ടെത്തിയ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
ഇതോടെ കണ്ണൂർ നഗരമാകെ ആശങ്കയിലായി. ചത്ത നായ മറ്റു നായകളെയും അലഞ്ഞുതിരിയുന്ന കന്നുകാലികളെയും കടിച്ചിട്ടുണ്ടാകാമെന്ന സംശയം ആശങ്ക പരത്തുന്നുണ്ട്.
തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിൽ വച്ചും പരിസരത്തു വച്ചും കടിയേറ്റവർ നിർബന്ധമായും പ്രതിരോധ കുത്തിവെയ്പ്പെടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികൾക്കു കടിയേറ്റിട്ടുണ്ടോ എന്ന് ഉടമകൾ പരിശോധിക്കുകയും നഗരത്തിൽ കന്നുകാലികളെ അലഞ്ഞുതിരിയാൻ വിടാതെ സുരക്ഷിത സ്ഥാനത്ത് കെട്ടിയിട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികമായ സ്വഭാവങ്ങൾ കന്നുകാലികളോ മറ്റു വളർത്തു മൃഗങ്ങളോ പ്രകടിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഇത്തരം കന്നുകാലികളുടെ പാൽ വിതരണം ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കണ്ണൂർ റെയില്‍വെ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തുമായി 25 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ച് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.