സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂളുകൾ
Friday, November 29, 2024 2:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക വിവരമനുസരിച്ച് 827 അംഗീകാരമില്ലാത്ത സ്കൂളുകളുണ്ടെന്നു മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്കു കൈമാറുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽനിന്നോ സ്കൂൾ അധികാരികളിൽനിന്നോ ഉണ്ടാകാൻ പാടില്ല.
അതുപോലെതന്നെ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച വിവരങ്ങൾ ക്ലാസ്മുറികളിൽ മറ്റു കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർഥികളോടു ചോദിക്കരുത്. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോണ് ഉണ്ട്. അവരോടു നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാൻ.
പഠനയാത്രയ്ക്കു പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിനു സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടു നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ പഠനയാത്രകൾ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനു വൻതോതിലുള്ള തുകയാണു ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇതു സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. അതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം.
സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകന്പടിയായി പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാചെലവു ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്റ് കമ്മിറ്റികളോ വഹിക്കണം.
സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾക്കു സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു.
സമ്മാനങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ചു കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാന്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിനു സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.