ശമ്പളപരിഷ്കരണത്തിലെ മുൻകാല പ്രാബല്യം കണക്കാക്കി പെൻഷൻ നൽകണമെന്ന് കോടതി
Friday, November 29, 2024 2:58 AM IST
കൊച്ചി: ശമ്പളപരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ വർഷം മുതൽ കണക്കാക്കിയുള്ള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും നൽകണമെന്ന് ഹൈക്കോടതി.
2016 ജനുവരി ഒന്നിനും 2019 ജൂൺ 30 നും ഇടയിലും വിരമിച്ച കോളജ് അധ്യാപകർ നൽകിയ ഹർജിയിലും 2006 ജനുവരി ഒന്നിനും 2009 ജൂൺ 30നും ഇടയിൽ വിരമിച്ച കോളജ് അധ്യാപകർക്കു വർധിപ്പിച്ച പെൻഷൻ നൽകാനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജിയിലുമാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
യുജിസി സ്കെയിൽ പ്രകാരം ശമ്പളം വാങ്ങുന്ന സർവകലാശാല, കോളജ് അധ്യാപകർക്ക് 2006 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ 2011ൽ ഉത്തരവിറക്കിയെങ്കിലും വിരമിച്ചവരുടെ കാര്യത്തിൽ 2009 ജൂലൈ മുതൽ മാത്രമാണു പെൻഷൻ പരിഷ്കരിച്ച് മുൻകാല പ്രാബല്യം അനുവദിച്ചത്.
യുജിസി പെൻഷൻകാർക്കു നൽകാൻ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഖജനാവിൽനിന്നാണ് നൽകുന്നതെന്നുമായിരുന്നു സർക്കാർ വാദം. അതിനാൽ, പെൻഷൻ റിവിഷൻ സംബന്ധിച്ച തീരുമാനം സർക്കാരിന്റെ നയപരമായ തീരുമാനമാണ്.
സർക്കാർ തീരുമാനിക്കുന്ന പെൻഷൻ റിവിഷൻ സ്കീം അടിസ്ഥാനത്തിലാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാകൂവെന്നും ട്രൈബ്യൂണലിന് ഇടപെടാനാകില്ലെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്.