ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈൻ വഴിയാക്കുന്നത് പരിഗണിക്കും: പി. രാജീവ്
Wednesday, November 20, 2024 2:25 AM IST
കൊച്ചി: ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പി. രാജീവ്.
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്കു മുന്നോടിയായി കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രത്യേക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ടൂറിസം സംരംഭങ്ങള്‍ക്കുള്ള വിവിധ അനുമതികള്‍ക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മേളനത്തിൽ പറഞ്ഞു.
ടൂറിസം മേഖലയില്‍ നൂതന സംരംഭങ്ങള്‍ തുടങ്ങാനുള്ള തീവ്രപരിശ്രമത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പുതിയ വ്യവസായനയത്തെക്കുറിച്ചും ആഗോള നിക്ഷേപ ഉച്ചകോടിയെക്കുറിച്ചും സംസാരിച്ചു.
കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍, എംഡി എസ്. ഹരികിഷോര്‍, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആർ. ഹരി കൃഷ്ണന്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.