എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ സിഎംആർഎൽ ; ഹർജി ഡൽഹി കോടതി നാളെ പരിഗണിക്കും
Tuesday, April 8, 2025 12:02 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട എക്സാലോജിക് സാന്പത്തിക ഇടപാടിലെ പ്രോസിക്യൂഷൻ നടപടികൾ തടയണമെന്നാവശ്യപ്പെട്ടു സിഎംആർഎൽ നൽകിയ അടിയന്തര ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വാദം കേൾക്കും.
ഹർജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കന്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. ഇന്ന് മറുപടി നൽകാനാണു നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
അന്വേഷണത്തിനെതിരേ സിഎംആർഎൽ നൽകിയ പ്രധാന ഹർജിയിലും നാളെ വാദം കേൾക്കും. ജസ്റ്റീസ് ഗിരീഷ് കഡ്വാലിയയുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ഹർജി തീർപ്പാക്കുംവരെ കേസിൽ തുടർനടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തേ വാക്കാൽ പറഞ്ഞിരുന്നുവെന്നും എന്നാൽ അതു ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ ഇന്നലെ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് അംഗീകരിക്കൻ തയാറാകാതിരുന്ന കോടതി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോയെന്നു ചോദിച്ചു.
അതേസമയം, നേരത്തേ കോടതിയിൽ നൽകിയ ഉറപ്പ് അന്വേഷണ ഏജൻസി പാലിച്ചില്ലെന്ന് സിഎംആർഎല്ലിനുവേണ്ടി ഓണ്ലൈനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. കേസിൽ കൊച്ചിയിലെ കോടതിയിൽ തുടർനടപടികൾ തുടങ്ങാനിരിക്കേയാണ് സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ പ്രധാന ഹർജിയിൽ വീണ്ടും വാദം കേൾക്കുന്നത് ഹൈക്കോടതി നേരത്തെ ജൂലൈയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിനുപിന്നാലെ കേന്ദ്ര കന്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒയ്ക്കു പ്രോസിക്യൂഷന് അനുമതി നൽകുകയും രണ്ടാം കുറ്റപത്രം സമർപ്പിക്കാൻ എസ്എഫ്ഐഒ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണു സിഎംആർഎൽ അടിയന്തര ഇടപെടൽ തേടി വീണ്ടും ഡൽഹി ഹൈക്കോടതിയെ കോടതിയെ സമീപിച്ചത്.
എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ, പ്രോസിക്യൂഷന് കന്പനികാര്യ മന്ത്രാലയം അനുമതി നൽകിയോ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കരുതെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.