യുവതിക്കുനേരേയുണ്ടായ അതിക്രമം നിസാരവത്കരിച്ചു; കർണാടക മന്ത്രി വിവാദത്തിൽ
Tuesday, April 8, 2025 12:02 AM IST
ബംഗളൂരു: കര്‍ണാടകയില്‍ യുവതിക്കെതിരേ നടന്ന ലൈംഗികാതിക്രമസംഭവത്തില് ആഭ്യന്തരമന്ത്രി നടത്തിയ പ്രതികരണം വിവാദത്തില്‍. സംഭവത്തെ നിസാരവത്കരിച്ചുകൊണ്ട് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
വലിയ നഗരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സുദ്ദഗുണ്ടെപാളയയിലെ ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലായിരുന്നു പ്രതികരികരണം.
“ബംഗളൂരു പോലുള്ള വലിയ നഗരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും. കമ്മീഷണറോട് പട്രോളിംഗ് ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’’- പരമേശ്വര പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് യുവതിയെ അക്രമിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബിടിഎം ലേ ഔട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 1.52 ഓടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണു യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ എഫ്ഐആര്‍ ഇട്ട് കേസെടുത്തിട്ടുണ്ട്. അതിജീവിതയെയും അക്രമിയെയും ഇതുവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.
അതേസമയം, ആഭ്യന്തര മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി രംഗത്ത് എത്തി. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മൗനം വെടിഞ്ഞ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആഭ്യന്തരമന്ത്രിയുടെ രാജി ചോദിച്ചുവാങ്ങണമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആവശ്യപ്പെട്ടു.