കനയ്യയുടെ നാട്ടിൽ പദയാത്രയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി
Tuesday, April 8, 2025 12:02 AM IST
പാറ്റ്ന: ബിഹാറിലെ ബെഗുസരായിൽ കോൺഗ്രസ് പദയാത്രയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി. വെള്ള ടീഷർട്ട് ധരിച്ചുള്ള പദയാത്രയിൽ കനയ്യ കുമാർ, പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
പ്രതിരോധമേഖലയിലെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തകർ പ്ലക്കാർഡുകളും ബാനറുകളുമായി പദയാത്രയുടെ ഭാഗമായി. കനയ്യ കുമാറിന്റെ ജന്മദേശം കൂടിയാണ് ബെഗുസരായി.
കഴിഞ്ഞ മാസം കിഴക്കൻ ചമ്പാരൻ ജില്ലയിലാണ് പദയാത്ര ആരംഭിച്ചത്. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷർട്ട് ധരിച്ച്, അസമത്വത്തിന് എതിരായ മുന്നേറ്റത്തിൽ പങ്കു ചേരണമെന്ന് രാഹുൽ ഗാന്ധി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.
ജനുവരിക്കു ശേഷം ഇത് മൂന്നാം തവണയാണ് രാഹുൽ ബിഹാറിലെത്തുന്നത്. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ആർജെഡി, ഇടതുപക്ഷം എന്നിവയ്ക്കൊപ്പം മഹാസഖ്യമായാണ് കോൺഗ്രസ് മത്സരിക്കുന്നത്.