എഐസിസി സമ്മേളനത്തിന് ഗുജറാത്തിൽ ഇന്നു തുടക്കം
Tuesday, April 8, 2025 2:34 AM IST
അഹമ്മദാബാദിൽനിന്ന് ജോർജ് കള്ളിവയലിൽ
നീണ്ട 64 വർഷത്തിനുശേഷം ആദ്യമായി ഗുജറാത്തിൽ എഐസിസി സമ്മേളനം നടക്കുന്നു. ഇന്നും നാളെയുമായി അഹമ്മദാബാദിലാണു സമ്മേളനം. കോണ്‍ഗ്രസിന്റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേൽ സ്മാരകത്തിൽ രാവിലെ ആരംഭിക്കുന്ന വിപുലീകൃത കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിനായി മുതിർന്ന നേതാക്കൾ ഇന്നലെ വൈകുന്നേരം അഹമ്മദാബാദിലെത്തി.
മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിന്റെ 100-ാം വാർഷികവും സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികവും പ്രമാണിച്ചാണ് എഐസിസി സമ്മേളനം ഗുജറാത്തിൽ നടത്തുന്നത്. "ന്യായപഥ്: സങ്കൽപ്, സമർപ്പണ്, സംഘർഷ്’എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
പാർട്ടി ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ പ്രസിഡന്റുമാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും പ്രിയങ്ക ഗാന്ധി വദ്ര അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കും.
വേണുഗോപാലിനുപുറമെ വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ ഡോ. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, എംപിമാർ, കെപിസിസി നേതാക്കൾ തുടങ്ങിയവരെല്ലാം കേരളത്തിൽനിന്ന് അഹമ്മദാബാദിലെത്തിയിട്ടുണ്ട്.
എഐസിസി ഭാരവാഹികൾ, മുഖ്യമന്ത്രിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാർ, നിയമസഭാകക്ഷി നേതാക്കൾ, എഐസിസി അംഗങ്ങൾ തുടങ്ങിയവരുൾപ്പെടെ 1,700ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രതിപക്ഷ "ഇന്ത്യ’സഖ്യത്തിന്റെ ഭാവി, ബിജെപിക്കെതിരായ രാഷ്ട്രീയ തന്ത്രങ്ങൾ, മണ്ഡല പുനർനിർണയ പ്രശ്നങ്ങൾ, ജാതി സെൻസസ്, ന്യൂനപക്ഷ- ഭൂരിപക്ഷ പ്രശ്നങ്ങളും കോണ്‍ഗ്രസിന്റെ സമീപനവും, പാർട്ടിയുടെ കാർഷിക, സാന്പത്തിക, വിദേശകാര്യ നയങ്ങൾ വരെ സമ്മേളനം ചർച്ച ചെയ്തു നിലപാട് സ്വീകരിക്കും.
അഹമ്മദാബാദിലെ ഷാഹിബാഗിലുള്ള സർദാർ സ്മാരകത്തിൽ ഇന്നു രാവിലെ 11 മുതലാണ് പാർട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ വർക്കിംഗ് കമ്മിറ്റി യോഗം ചേരുക. വൈകുന്നേരം അഞ്ചിന് മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിൽ പാർട്ടി നേതാക്കളും പ്രതിനിധികളും പ്രാർഥനായോഗം നടത്തും.
രാത്രി 7.45 ന് സബർമതി നദിയുടെ തീരത്തുള്ള റിവർഫ്രണ്ട് ഇവന്റ് സെന്ററിൽ ഗുജറാത്തിന്റെ പൈതൃകവും കോണ്‍ഗ്രസിന്റെ സംഭാവനയും ആഘോഷിക്കുന്ന സാംസ്കാരിക പരിപാടിയോടെയാണ് ഇന്നത്തെ സമാപനം.
സബർമതി നദിക്കരയിൽ തയാറാക്കിയ പ്രത്യേക പന്തലിലാണു നാളെ എഐസിസി സമ്മേളനം നടക്കുക. പ്രതിനിധികളടക്കം 3,000 നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിനായി കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങളോടുകൂടിയ ബോർഡുകളും കൊടിതോരണങ്ങളും കൊണ്ട് അഹമ്മദാബാദ് നഗരം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.
1885ൽ രൂപീകൃതമായതിനുശേഷം ഗുജറാത്തിലെ ആറാമത്തേതും അഹമ്മദാബാദിൽ നടക്കുന്ന മൂന്നാമത്തേതും സ്വാതന്ത്ര്യത്തിനുശേഷമുള്ള രണ്ടാമത്തേതുമാണ് ഇന്നും നാളെയുമായി അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനം. 1961ലായിരുന്നു ഭാവ്നഗറിൽ ഗുജറാത്തിലെ അവസാന എഐസിസി സമ്മേളനം.
കോണ്‍ഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിലും മുൻകാല പ്രതാപം പുനരുജ്ജീവിപ്പിക്കുന്നതിലുമാകും ഇത്തവണത്തെ ശ്രദ്ധയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. 1902 ഡിസംബറിൽ സുരേന്ദ്രനാഥ് ബാനർജിയും 1938ൽ സുഭാഷ് ചന്ദ്രബോസും കോണ്‍ഗ്രസ് അധ്യക്ഷന്മാരായിരിക്കെ ഗുജറാത്തിൽ നടന്ന എഐസിസി സമ്മേളനങ്ങൾ ചരിത്രസംഭവങ്ങളായിരുന്നു.
1907 ഡിസംബറിൽ സൂറത്തിൽ റാഷ് ബെഹാരി ഘോഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പാർട്ടിയിലെ ആദ്യ പിളർപ്പിനു സാക്ഷ്യം വഹിച്ചു. 1921 ഡിസംബറിൽ ഹക്കിം അജ്മൽ ഖാന്റെ അധ്യക്ഷതയിൽ അഹമ്മദാബാദിലായിരുന്നു എഐസിസി സമ്മേളനം.