ആന്ധ്രയ്ക്കു വീണ്ടും വാരിക്കോരി; അമരാവതി തലസ്ഥാനപദ്ധതിക്ക് 4200 കോടി
Tuesday, April 8, 2025 2:34 AM IST
ന്യൂഡൽഹി: അമരാവതി തലസ്ഥാന പദ്ധതിക്കായി ആന്ധ്രപ്രദേശിന് കേന്ദ്രസർക്കാർ 4200 കോടി രൂപ അനുവദിച്ചു. അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമായി വികസിപ്പിക്കാൻ ലോകബാങ്കിൽനിന്ന് 20.5 കോടി ഡോളർ കേന്ദ്രത്തിനു ലഭിച്ചതിനു പിന്നാലെയാണ് ഫണ്ട് അനുവദിച്ചത്.
തലസ്ഥാന പദ്ധതിയുടെ ആദ്യഘട്ട നിർമാണം ആരംഭിക്കുന്നതിനു മുന്പായി നിർമാണസാമഗ്രികളും ഉപകരണങ്ങളും സൈറ്റിലേക്ക് കൊണ്ടുവരുന്നതിനായുള്ള ഫണ്ടാണിതെന്ന് അധികൃതർ സൂചിപ്പിച്ചു.
അമരാവതിയുടെ ആദ്യഘട്ട വികസനത്തിനായി 15,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും 80 കോടി ഡോളർ വീതം (13600 കോടി രൂപ) നൽകുന്പോൾ ശേഷിക്കുന്ന 1400 കോടി രൂപ കേന്ദ്രം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലോകബാങ്കിൽനിന്നു ലഭിച്ച തുകകൂടി ചേർത്ത് 4200 കോടി രൂപ അനുവദിച്ചതിലൂടെ ഫണ്ടിന്റെ 25 ശതമാനവും കേന്ദ്രസർക്കാർ അനുവദിച്ചുകഴിഞ്ഞു. ലോകബാങ്ക് രേഖകളനുസരിച്ച് ഈ വർഷം ജനുവരി 22നാണ് അമരാവതി തലസ്ഥാന പദ്ധതി പ്രാബല്യത്തിൽ വന്നതെന്നും കഴിഞ്ഞ മാസമാണു പദ്ധതിക്ക് അഡ്വാൻസായി 20.5 കോടി ഡോളർ വിതരണം ചെയ്തതെന്നും പറയുന്നു.
അമരാവതി വികസനത്തിൽ ആന്ധ്ര സർക്കാർ അല്പം പുരോഗതി കാണിക്കുകയും ബില്ലുകളോ വിനിയോഗ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കുകയും ചെയ്താലേ വകയിരുത്തിയ തുകയുടെ അടുത്ത ഗഡു ലഭിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. അമരാവതിയിലെ വികസനപ്രവർത്തനങ്ങൾ തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ ഫണ്ട് വിതരണത്തിന്റെ അടുത്ത ഘട്ടത്തിന് ആറു മാസമെങ്കിലും എടുക്കുമെന്ന് അധികൃതർ പറഞ്ഞു.
ആന്ധ്രപ്രദേശ് വിഭജനത്തിനുശേഷം അമരാവതിയെ ആന്ധ്രയുടെ പുതിയ തലസ്ഥാനമാക്കി വികസിപ്പിക്കുമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു 2015ലാണ് പ്രഖ്യാപിച്ചത്.
217 ചതുരശ്ര കിലോമീറ്ററിലുള്ള അമരാവതി തലസ്ഥാനവികസനത്തിന് പക്ഷേ ആന്ധ്രയിൽ മാറി വന്ന വൈഎസ്ആർ കോണ്ഗ്രസ് സർക്കാർ 2019ൽ തടയിടുകയായിരുന്നു. പ്രത്യേകമായ ഒരു തലസ്ഥാനത്തിനുപകരം വിശാഖപട്ടണം, കുർണൂൽ, അമരാവതി എന്നിങ്ങനെ മൂന്നു തലസ്ഥാനങ്ങളായിരുന്നു മുഖ്യമന്ത്രിയായിരുന്ന ജഗൻ മോഹൻ റെഡ്ഢി നിർദേശിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡു ഭൂരിപക്ഷം നേടി അധികാരത്തിൽ തിരികെ വന്നതിനു പിന്നാലെയാണ് അമരാവതി തലസ്ഥാനപദ്ധതിക്ക് വീണ്ടും ജീവൻവച്ചത്.