കേന്ദ്രസർക്കാർ പാചകവാതക, ഇന്ധന വില വർധിപ്പിച്ചു
Tuesday, April 8, 2025 2:34 AM IST
സനു സിറിയക്
ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 50 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 14.2 കിലോ സിലിണ്ടറിന്റെ വിലയാണ് ഉയർത്തിയത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
പ്രധാൻമന്ത്രി ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കൾക്കും പുതിയ വില ബാധകമാണ്. പദ്ധതിക്കു കീഴിലുള്ള ഉപഭോക്താക്കൾ 500 രൂപയിൽനിന്ന് 550 രൂപയും പദ്ധതിക്കു പുറത്തുള്ളവർ 803 രൂപയിൽനിന്ന് 853 രൂപയും ഇന്നുമുതൽ പാചകവാതക സിലിണ്ടറിന് നൽകണം.
വില രണ്ടാഴ്ച കൂടുന്പോൾ കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തുമെന്നും ഏതെങ്കിലും തരത്തിലുള്ള ഇളവുകളുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് കൈമാറുമെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയിൽ പാചകവാതകത്തിന്റെ വില മെട്രിക് ടണ്ണിന് 415 മുതൽ 712 ഡോളർ വരെയും വർധിച്ചു. എന്നാൽ ഈ വർധനവ് എണ്ണക്കന്പനികൾ ഏറ്റെടുക്കും. എണ്ണക്കന്പനികൾക്ക് ഇതുമൂലമുണ്ടായ നഷ്ടം നികത്താനാണ് എൽപിജിക്ക് 50 രൂപ വർധിപ്പിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഉപയോഗിക്കുന്ന എൽപിജിയുടെ 60 ശതമാനത്തിലധികവും ഇറക്കുമതിയാണ്. അതിനാൽ എൽപിജിയുടെ വില അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
2024 ഓഗസ്റ്റിനുശേഷം ആദ്യമായാണ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില വർധിപ്പിക്കുന്നത്. ഇക്കാലയളവിൽ രാജ്യാന്തര വിലയിൽ വർധന ഉണ്ടായതിനാൽ മൂന്ന് പൊതുമേഖല എണ്ണക്കന്പനികൾക്ക് നഷ്ടം നേരിട്ടതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. കൊള്ളയടിക്കൽ, വഞ്ചന എന്നിവ മോദിസർക്കാരിന്റെ പര്യായമാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
യുപിഎ സർക്കാരിന്റെ കാലത്ത് എൽപിജി വിലവർധനവിനെതിരേ മോദി പ്രതിഷേധിക്കുന്ന വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ വിമർശനം. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
എക്സൈസ് തീരുവ കൂട്ടി; ഇന്ധനവിലയിൽ ഉടൻ മാറ്റമുണ്ടാകില്ല
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രം. തീരുവ വർധിപ്പിച്ചെങ്കിലും ഇന്ധന വിലയിൽ ഉടൻ മാറ്റമുണ്ടാകില്ല. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യു വകുപ്പ് ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുവ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഇടിഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് കേന്ദ്രസർക്കാർ അപ്രതീക്ഷിതമായി എക്സൈസ് തീരുവ കൂട്ടിയത്.
എക്സൈസ് തീരുവ രണ്ടു രൂപ വർധിപ്പിച്ചതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയും ഡീസലിന് 10 രൂപയായും ഉയർന്നു. 2024 മാർച്ചിൽ അവസാനമായി എക്സൈസ് തീരുവയിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാർ അന്ന് രണ്ടു രൂപ കുറയ്ക്കുകയായിരുന്നു ചെയ്തത്.ഇതിന്റെ ഫലമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി ഇന്ധനവില കുറഞ്ഞിരുന്നു.