കാർ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് ഇന്ത്യയോട് യൂറോപ്യൻ യൂണിയൻ
Tuesday, April 8, 2025 2:34 AM IST
ന്യൂഡൽഹി: അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ ഒഴിവാക്കണമെന്ന ആവശ്യവുമായി യൂറോപ്യൻ യൂണിയനും.
ആവശ്യത്തിനു വഴങ്ങി കാറുകളുടെ 100 ശതമാനം ഇറക്കുമതി തീരുവയിൽനിന്ന് ക്രമേണ പത്തു ശതമാനത്തിലേക്കെത്താൻ ഇന്ത്യ തയാറായിട്ടുണ്ടെന്നാണു സൂചന.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ അന്തിമ ധാരണയിലെത്താൻ തീരുവ വെട്ടിക്കുറയ്ക്കുന്നതിലൂടെ കഴിയുമെന്നുമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
വിദേശ കാറുകൾക്കുള്ള തീരുവ കുറയ്ക്കാൻ തയാറാകുകയാണെങ്കിൽ 30 ശതമാനമെങ്കിലുമായി നിലനിർത്തണമെന്ന് ആഭ്യന്തര ഓട്ടോമൊബൈൽ നിർമാതാക്കൾ ആവശ്യപ്പെടുന്പോഴാണ് തീരുവ പത്തു ശതമാനമായി കുറയ്ക്കാൻ ഇന്ത്യ തയാറാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ആഭ്യന്തര വാഹന നിർമാതാക്കളെ സംരക്ഷിക്കുന്നതിനായി അടുത്ത നാലു വർഷത്തേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ തീരുവയിൽ ഇളവ് വരുത്താൻ പാടില്ലെന്നും ആഭ്യന്തര ഓട്ടോമൊബൈൽ കന്പനികൾ ആവശ്യപ്പെട്ടിരുന്നു.