വഖഫ് ഭേദഗതി നിയമം; മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ
Tuesday, April 8, 2025 12:02 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരേ മുസ്ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിനും വ്യക്തിപരമായ അവകാശങ്ങൾക്കും നേരേയുള്ള ആക്രമണമാണു കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമമെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി.
കേന്ദ്രസർക്കാർ നടപ്പാക്കിയ ഭേദഗതി ഭരണഘടനയുടെ ആർട്ടിക്കിൾ 14,15,25, 26 എന്നിവ ലംഘിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മുനന്പം വിഷയം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്ക് പൂർണപിന്തുണ നൽകുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ലീഗ് നാഷണൽ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, പാർലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, അബ്ദുസമദ് സമദാനി, കെ. നവാസ് കാനി തുടങ്ങിയവരാണ് ഹർജി ഫയൽ ചെയ്തത്.
മുനന്പം നിവാസികളുടെ കുടിയൊഴിപ്പിക്കൽ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വിഷയത്തിൽ അന്തിമ പരിഹാരം കാണുന്നതുവരെ ആ ശ്രമം തുടരുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പാർലമെന്റ് പാസാക്കിയ ഭേദഗതി മുനന്പം വിഷയം പൂർണമായി പരിഹരിക്കാൻ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രശ്നപരിഹാരത്തിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഹർജിക്കാർ വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകനും രാജ്യസഭാംഗവുമായ ഹാരിസ് ബീരാൻ തുടങ്ങിയവരാണ് ലീഗിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്.
ഇതോടെ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് ഏഴോളം ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ ബിൽ ശനിയാഴ്ച രാത്രി വൈകി രാഷ്ട്രപതി അംഗീകരിച്ചു വിജ്ഞാപനമിറക്കിയതോടെ നിയമമായി മാറിയിരുന്നു.