ദീപികയ്ക്ക് ബിഗ് സല്യൂട്ട്: ഗവര്‍ണര്‍ ആനന്ദബോസ്
Sunday, January 19, 2025 2:56 AM IST
ബിജോയ് ജോസഫ്
ബംഗളൂരു: സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തുന്ന ദീപികയ്ക്ക് തന്റെ ബിഗ് സല്യൂട്ടെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. കേരളത്തിലെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മുദ്രാവാക്യങ്ങളിലൊന്നാണ് ദീപികയെന്നും അദ്ദേഹം പറഞ്ഞു.
ദീപികയുടെ 138-ാം വാര്‍ഷികാഘോഷവും പുരസ്കാരദാന ചടങ്ങും ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ. സി.വി. ആനന്ദബോസ്.
ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടെ പ്രാധാന്യം വലുതാണ്. മാൽക്കം എക്സിന്റെ അഭിപ്രായത്തിൽ, ഭൂമിയിലെ ഏറ്റവും ശക്തമായ സ്ഥാപനമാണ് മാധ്യമങ്ങൾ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, അടിച്ചമർത്തപ്പെട്ടതോ നിയന്ത്രിതമോ ആയ ഒരു മാധ്യമത്തേക്കാൾ പൂർണമായും സ്വതന്ത്രമായ ഒരു മാധ്യമമാണ് തനിക്ക് ഇഷ്ടം എന്നാണു പറഞ്ഞത്. ഈ രാജ്യത്ത് നമുക്ക് സ്വതന്ത്ര മാധ്യമ സംവിധാനം ആവശ്യമാണ്. എല്ലാ ജനാധിപത്യ സമൂഹങ്ങളിലും മാധ്യമങ്ങളാണ് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയുംസംരക്ഷിക്കുന്നത്.
ഞാൻ ദീപികയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ദീപിക ചിൽഡ്രൻസ് ലീഗിലൂടെയാണ് വളർന്നത്. ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനകളിൽ ഒന്നായ ഡിസിഎലിൽ 14, 15 വയസുള്ളപ്പോൾ ഞാൻ ജനറൽ സെക്രട്ടറിയായിരുന്നു.
ദീപിക എക്സലന്‍സ് പുരസ്കാരങ്ങളും ഗവർണർ വിതരണം ചെയ്തു. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോപോൾദോ ജിറേല്ലി മുഖ്യപ്രഭാഷണം നടത്തി. ബാംഗളൂർ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ചടങ്ങില്‍ ങ്കെടുത്തു. ബംഗളൂരു സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചെയര്മാന് പ്രഫ. ജെ. ഫിലിപ്പ്, ബംഗളൂരു ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി വെസ് ചാന്‍സലര്‍ റവ. ഡോ. സി.സി. ജോസ് സിഎംഐ, സെന്റ് ജോൺസ് മെഡിക്കൽ കോളജ് ചീഫ് ഫിനാൻസ് ഓഫീസർ ഫാ. എ.ജെ. ടോണി എംഎസ്എഫ്എസ്, ആറാട്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടോണി വിന്‍സന്റ്, കൂര്‍ഗ് രാമപുരം ഹോള്‍ഡിംഗ്സ് ആന്‍ഡ് ഓറഞ്ച് കൗണ്ടി റിസോര്‍ട്ട് ചെയര്മാന് ഇമ്മാനുവല്‍ തോമസ് രാമപുരം, അസോസിയേഷന് ഓഫ് ക്രിസ്റ്റ്യന്‍ ഫിലോസഫേഴ്സ് ഇന്ത്യ മുന്‍ പ്രസിഡന്റ് റവ. ഡോ. ജോയ് മാന്നാത്ത് എസ്ഡിബി എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.