ഡ്രഡ്ജർ അഴിമതി; ഡച്ച് കന്പനിയുടെ വിവരം തേടി കേന്ദ്രസർക്കാർ
Saturday, January 18, 2025 2:06 AM IST
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ ആരോപണവിധേയമായ ഡച്ച് കന്പനിയുടെ വിവരങ്ങൾ തേടി നെതർലാൻഡ്സ് സർക്കാരിന് ലെറ്റർ റോഗറ്ററി കൈമാറിയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
നിയമപരമായ വിഷയത്തിൽ സഹായത്തിനായി വിദേശ കോടതിയോടുള്ള ഔദ്യോഗിക അഭ്യർഥനയാണു ലെറ്റർ റോഗറ്ററി. ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് നെതർലാൻഡ്സ് സർക്കാരിന്റെ ഡൽഹിയിലെ സ്ഥാനപതിയുമായി ആവശ്യമായ ചർച്ചകൾ നടത്താൻ ഡൽഹിയിലെ സിബിഐ എസ്പിയോടും കേന്ദ്ര നിയമമന്ത്രാലയത്തിലെ ലീഗൽ സെൽ ഉദ്യോഗസ്ഥരോടും ജസ്റ്റീസുമാരായ അഭയ് എസ്.ഓക, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പുരോഗതി മാർച്ച് മൂന്നിന് അറിയിക്കാനും കോടതി നിർദേശിച്ചു.
നേരത്തേ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നൽകാതിരുന്നതിന്റെ കാരണം വിശദമാക്കാൻ കേന്ദ്രസർക്കാരിന്റെ ലീഗൽ സെല്ലിലെ അണ്ടർ സെക്രട്ടറിയോട് കോടതിയിൽ നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിശദീകരണം നൽകാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനും കോടതിയിൽ ഹാജരായിരുന്നു.