നടൻ സെയ്ഫ് അലിഖാന് വീട്ടിൽവച്ചു കുത്തേറ്റു
Friday, January 17, 2025 5:25 AM IST
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമി കുത്തി പരിക്കേൽപ്പിച്ചു. മുംബൈ ബാന്ദ്രയിലെ സത്ഗുരു ശരൺ അപ്പാർട്ട്മെന്റിൽവച്ച് ഇന്നലെ പുലർച്ചെ 2.30നാണ് നടന് കുത്തേറ്റത്. അക്രമി ആറുതവണ കുത്തി.
മുംബൈയിലെ ലീലാവതി ആശുപ്രതിയിൽ പ്രവേശിപ്പിച്ച താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അന്പത്തിനാലുകാരനായ നടൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഐസിയുവിൽ കഴിയുന്ന സെയ്ഫ് അലി ഖാനെ രണ്ടുദിവസത്തിനകം മുറിയിലേക്കു മാറ്റും. നട്ടെല്ലിൽ തുളഞ്ഞുകയറിയ 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം നീക്കം ചെയ്തു.
പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിലാണ് നടനു കുത്തേറ്റത്. ഇദ്ദേഹത്തെ ആക്രമിക്കുന്നത് ആദ്യം കണ്ടത് വീട്ടുജോലിക്കാരിയായിരുന്നു. ഓടിവന്ന് അക്രമിയെ നേരിടുന്നതിനിടെ ഇവർക്കും ചെറിയ പരിക്കേറ്റു. വീട്ടുജോലിക്കാരാണ് സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്.
ആക്രമണസമയം സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂർ ഖാനും മക്കളായ തൈമൂർ (എട്ട്), ജേഹ് (നാല്) എന്നിവരും വീട്ടുജോലിക്കാരായ അഞ്ചു പേരും അവിടെയുണ്ടായിരുന്നു. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ഇളയ കുട്ടിയുടെ ആയ ഏലിയാമ്മ ഫിലിപ്പ് പറഞ്ഞു. കുട്ടിയുടെ മുറിയിൽ ഉറങ്ങുകയായിരുന്ന ഏലിയാമ്മ ശബ്ദം കേട്ട് ഉണർന്നപ്പോൾ പൊക്കം കുറഞ്ഞ, മെലിഞ്ഞ ശരീരമുള്ള ഒരാൾ കുഞ്ഞിനു നേർക്ക് ഓടി വരുന്നതു കണ്ടു. കുഞ്ഞിനെ എടുത്ത ഏലിയാമ്മ അക്രമിയെ തള്ളിമാറ്റി.
അക്രമിയുടെ കൈവശം വടിയും നീളമുള്ള ഹെക്സാ ബ്ലേഡുമുണ്ടായിരുന്നു. ശബ്ദമുണ്ടാക്കരുതെന്ന് അക്രമി ഏലിയാമ്മയെ ഭീഷണിപ്പെടുത്തി. തുടർന്നുണ്ടായ ഉന്തിലും തള്ളിലും ബ്ലേഡ്കൊണ്ട് ഏലിയാമ്മയുടെ കൈക്ക് മുറിവേറ്റു. ഇവരുടെ കരച്ചിൽ കേട്ടാണ് സെയ്ഫ് അലി ഖാനും കരീനയും ഓടിയെത്തിയത്. തുടർന്നാണ് അക്രമി സെയ്ഫിനെ കത്തികൊണ്ട് കുത്തിയത്. മറ്റൊരു വീട്ടുജോലിക്കാരൻ എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. നാലു വർഷമായി സെയ്ഫ് അലി ഖാന്റെ വീട്ടിൽ ജോലിക്കാരിയാണ് ഏലിയാമ്മ.
കെട്ടിടത്തിന്റെ സ്റ്റെയർ കേസ് വഴി രക്ഷപ്പെട്ട അക്രമിയെ പിടികൂടാൻ പോലീസ് 10 സംഘങ്ങൾ രൂപവത്കരിച്ചു. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണി വഴിയാണ് അക്രമി വീട്ടിനുള്ളിൽ കയറിയത്. ഇയാൾ നേരത്തേതന്നെ വീട്ടിൽ കയറിയെന്നാണു പോലീസിന്റെ നിഗമനം.
പണാപഹരണമാണോ ഇയാളുടെ ലക്ഷ്യം എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ആറാം നിലയിലെ സിസിടിവിയിൽ അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സുരക്ഷാഗാർഡുകളെയും വീട്ടുജോലിക്കാരെയും പോലീസ് ചോദ്യം ചെയ്തു. വിഖ്യാത നടി ശർമിള ടാഗോറിന്റെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും മകനാണ് സെയ്ഫ് അലി ഖാൻ. 2010ൽ പദ്മശ്രീ അവാർഡ് നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.