ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
Friday, January 17, 2025 5:24 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയായി മലയാളിയായ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ ജഡ്ജിയുടെ നിയമനത്തോടെ നിലവിൽ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി ഉയർന്നു.
കഴിഞ്ഞ ഏഴിനാണ് ജസ്റ്റീസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തത്. തുടർന്ന് 13ന് കേന്ദ്രസർക്കാർ കൊളീജിയത്തിന്റെ ശിപാർശയ്ക്ക് അംഗീകാരം നൽകി.
21 വർഷത്തെ അഭിഭാഷക ജീവിതത്തിനൊടുവിൽ 2011 ലാണ് ജസ്റ്റീസ് വിനോദ് ചന്ദ്രൻ ഹൈക്കോടതി ജഡ്ജി പദവിയിലെത്തിയത്. 2023 മാർച്ച് വരെ കേരള ഹൈക്കോടതി ജഡ്ജി പദവി തുടർന്ന അദ്ദേഹം അതേവർഷം പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഉയർത്തപ്പെട്ടു. ജസ്റ്റീസ് സി.ടി. രവികുമാർ ഈ വർഷം ആദ്യം വിരമിച്ചതോടെ സുപ്രീം കോടതി ബെഞ്ചിൽ കേരളത്തിൽനിന്നുള്ള പ്രാതിനിധ്യമില്ലെന്നു കൊളീജിയം പരിഗണിച്ചതിനു പിന്നാലെയാണ് കെ. വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്.