ഭാഗവതിന്റെ സ്വാതന്ത്ര്യപ്രസ്താവന രാജ്യദ്രോഹമെന്ന് രാഹുൽ
Thursday, January 16, 2025 2:46 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടെയാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം രാജ്യദ്രോഹമാണെന്നും ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
1947ലെ ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യലബ്ധിക്കെതിരായ പ്രസ്താവനകൾ നടത്തിയാൽ ഭാഗവതിന് രാജ്യത്ത് സഞ്ചരിക്കാൻ പ്രയാസമാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരമായ ഡൽഹി കോട്ല റോഡിലെ ”ഇന്ദിരാഭവൻ’ ഉദ്ഘാടന ചടങ്ങിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ രൂക്ഷവിമർശനം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ആർഎസ്എസ് അവഹേളിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
ആർഎസ്എസുകാർ 1947 ഓർക്കുന്നില്ല. കാരണം അവർ അതിനായി പോരാടിയില്ല. ആർഎസ്എസ് മേധാവി ഇത്തരം പരാമർശങ്ങൾ തുടർന്നാൽ രാജ്യം ചുറ്റാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടാകുമെന്ന് ഖാർഗെ പറഞ്ഞു.
ഭാഗവതിന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രാഹുൽ പറഞ്ഞു. മറ്റേതൊരു രാജ്യത്തും ഇത്തരമൊരു പരാമർശം നടത്തിയാൽ അത് അറസ്റ്റിലേക്കും വിചാരണയിലേക്കും നയിക്കുമായിരുന്നെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.