ഇപിഎഫ്ഒ അംഗങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ സ്വയം മാറ്റാം
Sunday, January 19, 2025 2:55 AM IST
ന്യൂഡൽഹി: റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒയിലെ 7.6 കോടിയിലധികം അംഗങ്ങൾക്ക് തൊഴിലുടമയുടെ സ്ഥിരീകരണമോ ഇപിഎഫ്ഒയുടെ അനുമതിയോ ഇല്ലാതെതന്നെ പേരും ജനനത്തീയതിയും പോലുള്ള വ്യക്തിഗത വിശദാംശങ്ങൾ ഓൺലൈനായി മാറ്റാം.
കൂടാതെ, ഇ-കെവൈസി ഇപിഎഫ് അക്കൗണ്ടുകളുള്ള (ആധാർ സീഡഡ്) ഇപിഎഫ്ഒ അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് ട്രാൻസ്ഫർ ക്ലെയിമുകൾ ആധാർ ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ഉപയോഗിച്ച് തൊഴിലുടമയുടെ ഇടപെടലിന്റെ ആവശ്യമില്ലാതെ നേരിട്ട് ഫയൽ ചെയ്യാൻ കഴിയും.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈ സേവനങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്. അംഗങ്ങൾ സമർപ്പിക്കുന്ന പരാതികളിൽ 27 ശതമാനവും തങ്ങളുടെ പ്രൊഫൈൽ/കെവൈസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പുതിയ സൗകര്യം ഏർപ്പെടുത്തിയതോടെ അതിനു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
പേര്, ജനനത്തീയതി, ലിംഗം, ദേശീയത, അച്ഛന്റെ/അമ്മയുടെ പേര്, വൈവാഹികനില, ജീവിതപങ്കാളി തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങളിലെ ഏറ്റവും സാധാരണമായ തെറ്റുകൾ സ്വയം തിരുത്താൻ ജീവനക്കാരെ അനുവദിച്ചുകൊണ്ട് ഇപിഎഫ്ഒ പോർട്ടലിലെ സംയുക്ത പ്രഖ്യാപന പ്രക്രിയ ലളിതമാക്കിയതായും മന്ത്രി അറിയിച്ചു. തൊഴിലുടമയുടെ സ്ഥിരീകരണമോ ഇപിഎഫ്ഒയുടെ അംഗീകാരമോ ഇല്ലാതെ പേര്, ചേരുന്ന തീയതി, വിരമിക്കുന്ന തീയതി എന്നിവ ചേർക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2017 ഒക്ടോബർ ഒന്നിനുശേഷം (ആധാർ മാച്ചിംഗ് നിർബന്ധമാക്കിയപ്പോൾ) യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) നൽകിയ അംഗങ്ങൾക്ക് ഈ സൗകര്യം ലഭ്യമാകും. 2017 ഒക്ടോബർ ഒന്നിന് മുമ്പാണ് യുഎഎൻ നൽകിയതെങ്കിൽ, തൊഴിലുടമയ്ക്ക് ഇപിഎഫ്ഒയുടെ അനുമതിയില്ലാതെ വിശദാംശങ്ങൾ ശരിയാക്കാം.