കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; വിചാരണക്കോടതി വിധി ഇന്ന്
Saturday, January 18, 2025 2:06 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണക്കോടതി ഇന്നു വിധി പറയും.
രാജ്യവ്യാപക പ്രക്ഷോഭത്തിനു കാരണമായ കേസിൽ കോൽക്കത്ത സിറ്റി പോലീസിലെ സിവിക് വൊളണ്ടിയറായി പ്രവർത്തിക്കുന്ന സഞ്ജയ് റോയി ആണ് ഏക പ്രതി.
കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്പതിന് അർധരാത്രി ജോലികഴിഞ്ഞ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിച്ചിരുന്ന ജൂണിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.
സീൽദ കോടതിയിൽ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി അനിർബൻ ദാസ് മുന്പാകെ 57 ദിവസം നീണ്ട വിചാരണയ്ക്കുശേഷമാണ് ഇന്നു വിധി പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ നവംബർ 12 നു തുടങ്ങിയ വിചാരണയിൽ 50 സാക്ഷികളെ വിസ്തരിച്ചിരുന്നു.