അധ്യക്ഷസ്ഥാനം കടയിൽ വാങ്ങാൻ കിട്ടില്ല: ഡി.കെ. ശിവകുമാർ
Friday, January 17, 2025 5:24 AM IST
ബംഗളൂരു: കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന മന്ത്രി സതീഷ് ജാർക്കിഹോളിയുടെ പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാർട്ടി അധ്യക്ഷസ്ഥാനം കടയിൽനിന്നു വാങ്ങാൻ കിട്ടുന്നതല്ലെന്നും പ്രവർത്തന മികവിനു നൽകുന്നതാണെന്നും ശിവകുമാർ പറഞ്ഞു.
2020 മുതൽ ശിവകുമാർ കർണാടക പിസിസി അധ്യക്ഷനാണ്. ""ആർക്കെങ്കിലുമിത് മാധ്യമങ്ങളിൽനിന്നോ ലഭിക്കുമോ? മാധ്യമങ്ങളിൽനിന്നോ കടയിൽനിന്നോ ഈ സ്ഥാനം ആർക്കും ലഭിക്കില്ല. ഇത് പ്രവർത്തനമികവിനു നൽകുന്നതാണ്’’- ശിവകുമാർ പറഞ്ഞു. പാർട്ടി അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചയ്ക്കു കഴിഞ്ഞ ദിവസം ജാർക്കിഹോളി തുടക്കമിട്ടിരുന്നു.
സംസ്ഥാന പാർട്ടിക്ക് പൂർണസമയം പ്രവർത്തിക്കുന്ന അധ്യക്ഷൻ ആവശ്യമാണെന്നായിരുന്നു ജാർകിഹോളിയുടെ പ്രസ്താവന. എന്നാൽ സംഭവം വിവാദമായതോടെ അദ്ദേഹം മലക്കംമറിഞ്ഞിരുന്നു. ശിവകുമാറിനെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റുന്നകാര്യം താൻ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നും ജാർക്കിഹോളി പറഞ്ഞു. കർണാടക പൊതുമരാമത്ത് മന്ത്രിയാണ് ജാർക്കിഹോളി.