പിഎഫ്ഐ നേതാവ് അബൂബക്കറിന് ജാമ്യമില്ല
Saturday, January 18, 2025 2:06 AM IST
ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുൻ ചെയർമാൻ ഇ. അബൂബക്കറിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. യുഎപിഎ കേസിൽ നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന അബൂബക്കർ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മെഡിക്കൽ റിപ്പോർട്ടിൽ അബൂബക്കറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന കാര്യം വ്യക്തമാണെന്ന് അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
സമാനമായ കുറ്റങ്ങൾ ഉന്നയിക്കപ്പെട്ട കേസുകളിൽ പ്രതികൾക്കു ജാമ്യം ലഭിച്ച കേസുകളുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യാപേക്ഷ പരിഗണിക്കണോയെന്ന് പരിശോധിക്കുക മാത്രമാണു ചെയ്യുന്നതെന്ന് ജസ്റ്റീസുമാരായ സുന്ദരേശും രാജേഷ് ബിന്ദലും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ബെഞ്ച്, ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കി.
ആരോഗ്യനിലയിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അബൂബക്കറിന് വിചാരണക്കോടതിയെ സമീപിക്കാൻ ബെഞ്ച് അനുമതി നൽകി. 2022 സെപ്റ്റംബർ 22 നാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുഎപിഎ കുറ്റം ചുമത്തി അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.
വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചിരുന്നു. 70 വയസ് പിന്നിട്ട താൻ പാർക്കിൻസണ്സ് രോഗബാധിതനാണെന്നും അർബുദത്തിന് ചികിത്സയിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്കെതിരായ കേസ് തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. തുടർന്ന്, അദ്ദേഹത്തിന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി എയിംസിൽനിന്ന് മെഡിക്കൽ റിപ്പോർട്ട് തേടുകയായിരുന്നു.