"എമർജൻസി’ സിനിമയ്ക്കെതിരേ സിക്ക് പ്രതിഷേധം
Saturday, January 18, 2025 2:06 AM IST
ചണ്ഡിഗഢ്: സിക്ക് സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന്, ബോളിവുഡ് നടി കങ്കണ റണൗത്ത് സംവിധാനം ചെയ്ത "എമർജൻസി’ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം പഞ്ചാബിൽ പലയിടത്തും തടസപ്പെട്ടു.
സിക്ക് സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി)യും മറ്റു സംഘടനകളും ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ, മാളുകൾ എന്നിവയ്ക്കു മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
പഞ്ചാബിലെ ക്രമസമാധാനനില തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ നിർമിച്ച സിനിമ നിരോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിക്ക് കഥാപാത്രങ്ങളെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവർ കുറ്റ പ്പെടുത്തി. 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയുടെ കഥയാണ് "എമർജൻസി'. കങ്കണ റണൗത്ത് ആണ് ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തുന്നത്.