ഡൽഹിയിൽ പാലാ സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥി കുടുംബസംഗമം
Sunday, January 19, 2025 2:55 AM IST
ന്യൂഡൽഹി: ഓരോ വ്യക്തിയുടെയും വളർച്ചയിലും രൂപീകരണത്തിലും പാലാ സെന്റ് തോമസ് കോളജ് അടക്കമുള്ള കലാലയങ്ങൾ വഹിച്ച പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ.
പാലാ സെന്റ് തോമസ് കോളജിൽനിന്നു ലഭിച്ച മികച്ച വിദ്യാഭ്യാസവും പിന്തുണയുമാണ് തന്റെ ഭാവിജീവിതത്തിലെ ഉയർച്ചയ്ക്ക് അടിസ്ഥാനമായതെന്നും അദ്ദേഹം പറഞ്ഞു.
പാലാ സെന്റ് തോമസ് കോളജിലെ ഡൽഹിയിലുള്ള പൂർവവിദ്യാർഥികളുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഠിച്ച കലാലയത്തിന്റെ ഓർമകളിലേക്കുള്ള തിരിച്ചുപോക്കായി മാറിയ സമ്മേളനം അവിസ്മരണീയമായി.
ഫാ. ആഗ്നൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പാലാ സെന്റ് തോമസ് അലുമ്നി അസോസിയേഷൻ ഡൽഹി ചാപ്റ്റർ പ്രസിഡന്റ് ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. പാലായിലെ കേന്ദ്ര അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രഫ. സാബു ഡി. മാത്യു മുഖ്യപ്രഭാഷണം നടത്തി.
ഫാ. ആഗ്നൽ സ്കൂളുകളുടെ ഡയറക്ടർ ഫാ. ജോസ് കർവാലോ, തുന്പ സെന്റ് സേവ്യേഴ്സ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മാത്യു എസ്ജെ, അലുമ്നി ഡൽഹി ചാപ്റ്റർ ജനറൽ സെക്രട്ടറി ഡോ. ജോസഫ് ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് ഷാജി തോമസ്, ട്രഷറർ കുരുവിള ജോർജ്, അഗസ്റ്റിൻ പീറ്റർ, മനു ജെ. വെട്ടിക്കൻ, ബിന്ദു ശ്രീദത്തൻ, അഡ്വ. വിൽസ് മാത്യൂസ്, ജി. മുരളീധരൻ പിള്ള, ഡോ. സെബാസ്റ്റ്യൻ കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.