നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഒഎംആര്‍ രീതിയില്‍
Friday, January 17, 2025 5:25 AM IST
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈനായി നടത്തില്ലെന്ന് ദേശീയ പരീക്ഷാ ഏജന്‍സി(എന്‍ടിഎ). പരീക്ഷ പെൻ ആൻഡ് പേപ്പർ മോഡിൽ (ഒഎംആര്‍ അധിഷ്ഠിതം) ഒരു ദിവസം ഒറ്റ ഷിഫ്റ്റായി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണു തീരുമാനം. കഴിഞ്ഞവര്‍ഷത്തെ പരീക്ഷ സംബന്ധിച്ച് വ്യാപക ക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി പരീക്ഷാരീതിയില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒരു ദിവസം ഒരു ഷിഫ്റ്റില്‍ പരീക്ഷ നടത്തും. മൂന്നു മണിക്കൂര്‍ 20 മിനിറ്റാണു പരീക്ഷ. 200 ചോദ്യങ്ങള്‍ ഉണ്ടാകും. പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തെന്ന് എന്‍ടിഎ അറിയിച്ചു.
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആധാറും അപാര്‍ (Automated Permanent Aca demic Account Registry) ഐഡിയും ഉപയോഗിക്കണമെന്നും എന്‍ടിഎ നിര്‍ദേശമുണ്ട്.
കഴിഞ്ഞവർഷം 24 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്.