ഉയരെ ഇന്ത്യ; സ്പേഡെക്സ് വിജയം
Friday, January 17, 2025 5:25 AM IST
ബംഗളൂരു: ബഹിരാകാശത്ത് ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സ്പേസ് ഡോക്കിംഗ് ദൗത്യമായ സ്പേഡെക്സ് ദൗത്യം വിജയകരമായി. ഇന്നലെ രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ ഒന്നായത്.
ഡോക്കിംഗ് ദൗത്യം വിജയകരമായ വിവരം ഇന്നലെ രാവിലെ 10.04ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇസ്രോ അറിയിച്ചത്. രണ്ടു വ്യത്യസ്ത പേടകങ്ങൾ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിനെയാണു സ്പേസ് ഡോക്കിംഗ് എന്നു പറയുന്നത്.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ-4, ഗഗൻയാൻ അടക്കമുള്ള ഭാവിപദ്ധതികൾക്ക് ഏറെ ഗുണം ചെയ്യുന്ന സാങ്കേതികവിദ്യയാണു സ്പേസ് ഡോക്കിംഗ്. ഡോക്കിംഗ് വിജയകരമായതിനുശേഷം അൺഡോക്കിംഗും പരീക്ഷിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഊർജവും വിവരങ്ങളും പങ്കുവച്ച് ഒറ്റ പേടകംപോലെ പ്രവർത്തിച്ചശേഷം ഉപഗ്രഹങ്ങളെ വേർപെടുത്തുന്നതിനെയാണ് അൺഡോക്കിംഗ് എന്നു വിശേഷിപ്പിക്കുന്നത്.
ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് വിജയകരമായി പൂർത്തീകരിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മുന്‍പ് ഈ നേട്ടം കൈവരിച്ചിരുന്നു. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ അഭിനന്ദിച്ചു.
2024 ഡിസംബര്‍ 30നാണു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പിഎസ്എല്‍വിസി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് ഉപഗ്രഹങ്ങൾ ഐഎസ് ആർഒ വിക്ഷേപിച്ചത്. 220 കിലോ വീതം ഭാരമുള്ള എസ്ഡിഎക്സ്01 (ചേസര്‍), എസ്ഡിഎക്സ്02 (ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണു വിക്ഷേപിച്ചത്. ജനുവരി ആറിന് നടത്താനിരുന്ന ഡോക്കിംഗ് പരീക്ഷണം സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ഒന്‍പതാം തീയതിയിലേക്കു മാറ്റിവച്ചിരുന്നു. വീണ്ടും സാങ്കേതികപ്രശ്നം നേരിട്ടതിനാൽ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും മാറ്റിവച്ചു. 12-ാം തീയതിയിലെ മൂന്നാം പരിശ്രമത്തിൽ മൂന്നു മീറ്റർ അകലത്തിൽ ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. പിന്നീട് ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തേക്കു മാറ്റി.
എന്നാൽ, ഇത് ട്രയൽ മാത്രമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. 15 മീറ്റർ അകലത്തിൽ സഞ്ചരിച്ച പേടകങ്ങളെ മൂന്നു മീറ്റർ അടുത്തെത്തിച്ച ശേഷമാണ് ഇന്നലെ ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കിയത്.
ഐഎസ്ആർഒയ്ക്ക് മൂന്നാമത്തെ വിക്ഷേപണകേന്ദ്രം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ മൂന്നാമത്തെ വിക്ഷേപണകേന്ദ്രം (തേർഡ് ലോഞ്ച് പാഡ് ടിഎൽപി) സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണു പദ്ധതിക്ക് അംഗീകാരം നൽകിയത്. 3,984.86 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. 48 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത തലമുറ വിക്ഷേപണവാഹനം (എൻജിഎൽവി), എൽവിഎം3 തുടങ്ങിയ നൂതന ബഹിരാകാശ വാഹനങ്ങളുടെ വിക്ഷേപണമടക്കം നടത്താൻ സാധിക്കുന്ന തരത്തിലാണ് പുതിയ വിക്ഷേപണകേന്ദ്രം രൂപകല്പന ചെയ്യുന്നത്. നിലവിൽ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് 30ഉം 20ഉം വർഷങ്ങൾക്കു മുന്‍പ് സ്ഥാപിച്ച രണ്ട് വിക്ഷേപണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.
ബഹിരാകാശ നിലയം, ലൂണാർ ദൗത്യം തുടങ്ങി രാജ്യത്തിന്റെ സ്വപ്നപദ്ധതികൾക്ക് പുതിയ വിക്ഷേപണകേന്ദ്രം അത്യന്താപേക്ഷിതമാണ്. അടുത്ത 30 വർഷത്തേക്കുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക് പദ്ധതി വലിയ പങ്ക് വഹിക്കും. ഇതിനുപുറമെ ആഗോള ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയുടെ സ്ഥാനം വർധിപ്പിക്കാനും പദ്ധതി സഹായകമാകും.