ഡൽഹി തെരഞ്ഞെടുപ്പ്: വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്
Friday, January 17, 2025 5:24 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാതെരഞ്ഞടുപ്പിൽ കൂടുതൽ ജനപ്രിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാൽ 500 രൂപയ്ക്ക് പാചകവാതക സിലിണ്ടറും സൗജന്യ റേഷനും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും നൽകുമെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം.
പാർട്ടി ഡൽഹി ഘടകത്തിന്റെ ചുമതലയുള്ള ഐഎസിസി സെക്രട്ടറി ഖാസി നിസാമുദ്ദീനും സംസ്ഥാന അധ്യക്ഷൻ ദേവേന്ദർ യാദവും ചേർന്നു നടത്തിയ വാർത്താസമ്മേളനത്തിലാണു പ്രഖ്യാപനങ്ങള്‍. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഡൽഹിക്ക് കോണ്‍ഗ്രസിന്റെ ഗാരന്റി എന്നു തുടങ്ങുന്ന എക്സ് പോസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.
സ്ത്രീകൾക്ക് 2,500 രൂപ പ്രതിമാസ ധനസഹായം നൽകുന്ന "പ്യാരി ദീദി യോജന’, 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് നൽകുന്ന "ജീവൻ രക്ഷാ യോജന’, തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 8,500 രൂപ നൽകുമെന്ന് "യുവ ഉഠാൻ യോജന’ തുടങ്ങിയ പദ്ധതികൾക്കു പിന്നാലെയാണ് പാർട്ടിയുടെ പുതിയ പ്രഖ്യാപനം.