ബംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാഴികക്കല്ല്: എസ്. ജയശങ്കർ
Saturday, January 18, 2025 2:06 AM IST
ബംഗളുരു: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ബംഗളൂരു നഗരത്തിൽ തുറന്ന യുഎസ് കോൺസുലേറ്റ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ വളരെ പ്രധാനപ്പെട്ട നാഴിക്കല്ലാണെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വീസ നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും അദ്ദേഹം യുഎസ് അധികൃതരോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ അഞ്ചാമത്തെ യുഎസ് കോൺസുലേറ്റ് ആണ് ബംഗളൂരുവിൽ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ ചെന്നൈ, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ എന്നീ നഗരങ്ങളിലാണ് യുഎസ് കോൺസുലേറ്റ് ഉള്ളത്.
കോൺസുലേറ്റ് തുറന്നു പ്രവർത്തിക്കാൻ ആരംഭിക്കുന്നതോടുകൂടി പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്കുയരും.
അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത് ബംഗളൂരു നഗരമാണെന്നും ഇത് കർണാടകയ്ക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.