ജസ്റ്റീസ് യാദവിനെതിരേ കേസ് രജിസ്റ്റർ ചെയ്യണം; ആവശ്യവുമായി അഭിഭാഷകർ
Sunday, January 19, 2025 2:56 AM IST
ന്യൂഡൽഹി: വിദ്വേഷപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർകുമാർ യാദവിനെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്.
13 പേരടങ്ങുന്ന സുപ്രീംകോടതി അഭിഭാഷകസംഘമാണു ജസ്റ്റീസിനെതിരേ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചത്. സുപ്രീംകോടതി സെക്രട്ടറി ജനറൽ മുഖേന അയച്ച കത്തിന്റെ പകർപ്പ് സുപ്രീംകോടതിയിലെ മറ്റു മുതിർന്ന ജഡ്ജിമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ്. ഓക്ക എന്നിവർക്കും കൈമാറി.
ജസ്റ്റീസിന്റെ പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹത്തിനെതിരേ എഫ്ഐആർ ഫയൽ ചെയ്യാൻ സിബിഐയോടു നിർദേശിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. യൂണിഫോം സിവിൽ കോഡിനെക്കുറിച്ചാണ് ജസ്റ്റീസ് യാദവ് പ്രസംഗത്തിൽ പറഞ്ഞിട്ടുള്ളത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ആ വിഷയം വിദ്വേഷം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മറയാക്കിയതായി തോന്നി. കാരണം പ്രസംഗത്തിന്റെ ഉള്ളടക്കത്തിൽ വിഷയവുമായി ബന്ധപ്പെട്ട അക്കാദമികമോ നിയമപരമോ ആയ കാര്യങ്ങൾ പരാമർശിച്ചിട്ടില്ല. കൂടാതെ, ജസ്റ്റീസ് ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തി. മതം പരിഗണിക്കാതെ എല്ലാവർക്കും തുല്യതയും നീതിയും എന്ന ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അവഗണിക്കുന്നതുമാണ് ഈ സമീപനമെന്ന് കത്തിൽ വ്യക്തമാക്കി.
ജസ്റ്റീസ് യാദവ് ‘ഹാം’(ഞങ്ങൾ), ‘ആപ്’ (അവർ), ‘ഹമാരി ഗീത’ (ഞങ്ങളുടെ ഗീത), ‘ആപ്കി ഖുറാൻ’ (നിങ്ങളുടെ ഖുറാൻ) തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചതിലൂടെ അദ്ദേഹത്തിന്റെ മനോഭാവം വ്യക്തമാണെന്നും കത്തിൽ പറയുന്നു.
ഒരു പൊതുപരിപാടിയിൽ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തുന്നത് മതസൗഹാർദം തകർക്കുക മാത്രമല്ല, നിയമവ്യവസ്ഥയുടെ സമഗ്രതയിലും നിഷ്പക്ഷതയിലുമുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുമെന്നും അഭിഭാഷർ പറഞ്ഞു.
ചീഫ് ജസ്റ്റീസുമായി മുൻകൂർ ആലോചിക്കാതെ ഹൈക്കോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, സുപ്രീംകോടതി ജഡ്ജി എന്നിവർക്കെതിരേ ഒരു ക്രിമിനൽ കേസും രജിസ്റ്റർ ചെയ്യാനാകില്ലെന്ന 1991ലെ കെ.വീരസ്വാമി കേസിലെ സുപ്രീംകോടതി വിധിയും അഭിഭാഷകർ ചീഫ് ജസ്റ്റീസിന് അയച്ച കത്തിൽ ഉദ്ധരിച്ചു.