ഭാഗവതിന്റെ അവകാശവാദം അപലപനീയം: സിബിസിഐ
പ്രത്യേക ലേഖകൻ
Friday, January 17, 2025 5:24 AM IST
ന്യൂഡൽഹി: കാലങ്ങളായി വിവേചനവും അടിച്ചമർത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും മനഃസാക്ഷി സ്വാതന്ത്ര്യവും വീണ്ടും വെട്ടിച്ചുരുക്കാനുള്ള ആർഎസ്എസിന്റെ ഗൂഢശ്രമങ്ങൾ ആശങ്കാജനകമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ).
ഘർവാപസി ഇല്ലെങ്കിൽ ആദിവാസികൾ ദേശവിരുദ്ധരായി മാറുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞിരുന്നുവെന്ന പേരിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഇൻഡോറിൽ നടത്തിയ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വ്യക്തിപരമായ കൂടിക്കാഴ്ചയിൽ പ്രണബ് പറഞ്ഞതായി പറയുന്ന കെട്ടിച്ചമച്ച വിവാദ വാചകങ്ങൾ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആർഎസ്എസ് മേധാവി പറയാതിരുന്നത് സംശയകരവും നിക്ഷിപ്തതാത്പര്യത്തോടെയുമാണ്.
വിഎച്ച്പിയുടെയും സമാന സംഘടനകളുടെയും അക്രമാസക്തമായ ഘർ വാപസി പരിപാടിയെ വെള്ളപൂശാനുള്ള ഗൂഢശ്രമമാണു ഭാഗവതിന്റെ വിവാദ പ്രസ്താവന. പൈശാചികവും ദുഷ്ടവുമായ ഉദ്ദേശ്യത്തോടെയാണിത്.
അന്തരിച്ച മുൻ രാഷ്ട്രപതിയുടെ പേരിൽ വ്യക്തിഗത സംഭാഷണം ഉദ്ധരിക്കുന്നതുതന്നെ ഗുരുതരമാണ്. പ്രണബിന്റെ സംഭാഷണം അങ്ങനെയാണെന്നു വിശ്വസിക്കുന്നില്ലെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റോഡ്രിക്സ് വിശദീകരിച്ചു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസികളുടെ മനഃസാക്ഷി സ്വാതന്ത്ര്യത്തിന്റെ വിനിയോഗം വെട്ടിക്കുറയ്ക്കുന്നതാണു യഥാർഥ ദേശവിരുദ്ധ പ്രവർത്തനമെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. ഭരണഘടന അനുശാസിക്കുന്ന അന്തസോടെ മനുഷ്യരോടൊപ്പം ജീവിക്കാൻ അർഹതയുള്ള ആദിവാസികളെയും മറ്റു ദുർബലരെയുമാണ് ദേശവിരുദ്ധരെന്ന് വിളിക്കുന്നത്. മറഞ്ഞിരിക്കുന്ന ഉദ്ദേശ്യവും ക്ഷുദ്രകരമായ അജൻഡയുമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഭരണഘടനയുടെ അനുച്ഛേദം 38, 39, 43 എന്നിവപ്രകാരം ദരിദ്രരും ദുർബലരും അടിച്ചമർത്തപ്പെട്ടവരുമായ വിഭാഗങ്ങൾക്കെതിരേയുള്ള ശക്തരുടെ കുതന്ത്രങ്ങളിലും കുപ്രചരണങ്ങളിലും രാജ്യത്തെ നല്ലവരായ ജനങ്ങൾ വീഴില്ല.
അഹിംസയിൽ വിശ്വസിക്കുന്ന സമാധാനപ്രിയരും സേവനത്തിൽ അധിഷ്ഠിതരുമായ ക്രൈസ്തവസമൂഹത്തെ ദേശവിരുദ്ധരെന്ന്, മൂന്നു തവണ നിരോധിക്കപ്പെട്ട സംഘടന വിളിക്കുന്നത് നിർഭാഗ്യകരമാണ്.
രാഷ്ട്രനിർമാണത്തിൽ ക്രൈസ്തവരുടെ സംഭാവന പ്രസിദ്ധമാണ്. സ്വാതന്ത്ര്യസമരം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക ഉന്നമനം തുടങ്ങി വിവിധ മേഖലകളിൽ അഭിനന്ദനാർഹവും പ്രശംസനീയവുമായ പ്രവർത്തനങ്ങൾ നടത്തിയ സമൂഹമാണ് ക്രൈസ്തവരെന്നതു മറക്കരുത്. ആദിവാസികൾക്കും ക്രൈസ്തവർക്കുമെതിരേ കൃത്രിമവും പ്രചോദിതവുമായ പ്രചാരണം അഴിച്ചുവിടുന്നതിൽ രാജ്യത്തെ 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവസമൂഹത്തിന് വലിയ വേദനയുണ്ട്.
രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതരത്വത്തെയും തകർക്കുന്നതും വിദ്വേഷവും അക്രമവും നിലനിർത്തുന്നതുമായ വിഭജന രാഷ്ട്രീയത്തിനെതിരേ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതൃത്വവും പാർലമെന്റംഗങ്ങളും മാധ്യമങ്ങളും പ്രതികരിക്കണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടു.
വലതുപക്ഷ കീഴടങ്ങൽ പത്രപ്രവർത്തനത്തിന്റെ പ്രവണതകൂടിയാണ് ദേശീയ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെന്ന് സിബിസിഐ കുറ്റപ്പെടുത്തി. പ്രണബിന്റെ വ്യക്തിഗത സംഭാഷണം വളച്ചൊടിച്ചുള്ള ആർഎസ്എസ് തലവന്റെ പരാമർശത്തെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസിലെ തലക്കെട്ടും വാർത്തയും ഇതിനുദാഹരമാണെന്ന് സിബിസിഐ വക്താവ് ചൂണ്ടിക്കാട്ടി.
ഭാഗവതിന്റെ വിവാദ ഉദ്ധരണി
""ഡോ. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ, ആദ്യമായി അദ്ദേഹത്തെ കാണാൻ പോയിരുന്നു. ഘർ വാപസി വിഷയത്തിൽ പാർലമെന്റിൽ അന്ന് ബഹളമുണ്ടായി. കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് ഞാൻ കരുതി. അങ്ങനെ തയാറെടുത്തു. എന്നാൽ നിങ്ങൾ ചിലരെ തിരികെ കൊണ്ടുവന്നുവെന്നും പിന്നീടൊരു പത്രസമ്മേളനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ ആളുകൾ എന്താണു ചെയ്യുന്നത്? ഇതു വിവാദം സൃഷ്ടിക്കുന്നു. കാരണം ഇതു രാഷ്ട്രീയമാണ്. രാഷ്ട്രപതിസ്ഥാനം വഹിക്കാതെ താൻ കോണ്ഗ്രസിലായിരുന്നെങ്കിൽ പാർലമെന്റിൽ താനും പ്രതിഷേധിക്കുമായിരുന്നു. എന്നാൽ 30 ശതമാനം ആദിവാസികൾക്കുവേണ്ടി തങ്ങൾ (സംഘപരിവാറുകാർ) ചെയ്ത ഈ ജോലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സമീപനം (ലൈൻ) എനിക്കു മനസിലായി. ഞാൻ സന്തോഷിച്ചു.
ക്രിസ്ത്യാനിയാകുമായിരുന്നോ എന്നു ഞാൻ ചോദിച്ചു. ക്രിസ്ത്യാനിയാകുകയല്ല, ദേശവിരുദ്ധമാകും എന്നാണ് അദ്ദേഹം പറഞ്ഞത്-'' ഇപ്രകാരമാണ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രം ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്.