രജൗരിയിൽ അജ്ഞാതരോഗം; 16 മരണം; ആശങ്ക, അന്വേഷണം
Sunday, January 19, 2025 2:56 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അതിർത്തിമേഖലയായ രജൗരിയിൽ അജ്ഞാതരോഗം ബാധിച്ച് കഴിഞ്ഞ ഒന്നരമാസത്തിനിടെ 16 പേർ മരണമടഞ്ഞു.
രജൗരിയിലെ ബദാൽ ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ സംഭവം അധികൃതരെയും കുഴപ്പിക്കുകയാണ്. കോവിഡ് കാലത്തോ, അതുമല്ലെങ്കിൽ തീവ്രവാദപ്രവർത്തനം ഏറ്റവും രൂക്ഷമായ ഘട്ടത്തിൽപ്പോലുമോ സ്ഥിതിഗതികൾ ഇത്ര സങ്കീർണമായിരുന്നില്ല എന്നാണ് ഗ്രാമവാസികൾ പറയുന്നത്.
പകർച്ചവ്യാധി, വൈറസ് ബാധ തുടങ്ങിയവ അധികൃതർ തള്ളിക്കളയുകയാണ്. അതേസമയം മരണമടഞ്ഞവരുടെ നാഡീവ്യൂഹത്തിൽ വിഷത്തിന്റെ സാന്നിധ്യം ഉണ്ടെന്ന വിദഗ്ധ റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് അറുപതോളം പേരുടെ മൊഴി രേഖപ്പെടുത്തിയതായി പുതുതായി രൂപീകരിച്ച അന്വേഷണസംഘം പറഞ്ഞു.
രജൗരി ജില്ലാ ആസ്ഥാനത്തുനിന്നും 55 കിലോമീറ്റർ ദൂരെയാണ് ബദാൽ. പനിയും ശരീരവേദനയും മൂക്കൊലിപ്പും ബോധക്ഷയവുമാണ് രോഗത്തിന്റെ തുടക്കം. ചികിത്സ തുടങ്ങിയാലും ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കും. രോഗം ബാധിച്ച ഒരു പെൺകുട്ടി മാത്രമാണ് കുറെ ദിവസമായി ചികിത്സയിൽ തുടരുന്നത്.
എന്നാൽ കുട്ടിയുടെ ആരോഗ്യനില അതിസങ്കീർണമാണുതാനും. കഴിഞ്ഞയാഴ്ച ഗ്രാമവാസിയായ മുഹമ്മദ് അസ്ലമിന്റെ അഞ്ചു കുട്ടികളും അമ്മാവനും മറ്റൊരു അകന്ന ബന്ധുവും രോഗത്തെത്തുടർന്ന് മരിച്ചു. ഇതേത്തുടർന്ന് ഇദ്ദേഹത്തിന്റെ കൃഷിഭൂമി താത്കാലിക ശ്മശാനമായി മാറ്റിയിരിക്കുകയാണ്.
ഡിസംബർ അവസാനം മുഹമ്മദ് അസ്ലമിന്റെ ഉറ്റ ബന്ധുവും നാല് കുട്ടികളും രോഗം ബാധിച്ച് മരിച്ചിരുന്നു. ഒരു വിവാഹത്തിൽ പങ്കെടുത്തശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയാകാം എന്ന സംശയത്തിലായിരുന്നു കുടുംബാംഗങ്ങൾ. പിന്നാലെ കൂടുതൽ പേർ രോഗബാധിതരാവുകയായിരുന്നു.
വെള്ളിയാഴ്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധസമിതി സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.