സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ?
Sunday, January 19, 2025 2:56 AM IST
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ബാന്ദ്രയിലെ അപ്പാർട്ടുമെന്റിൽ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാൾ ഛത്തീസ്ഗഡിൽ പിടിയിൽ. ആകാഷ് കൈലാഷ് കന്നോജിയെന്ന 31 കാരനാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് പിടിയിലായത്.
മുംബൈ- ഹൗറ ജ്ഞാനേശ്വരി എക്സ്പ്രസിലെ ജനറൽകോച്ചിൽ എത്തിയ ഇയാളെ ദുർഗ് സ്റ്റേഷനിൽവച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) അറസ്റ്റ്ചെയ്യുകയായിരുന്നു.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ ചോദ്യചെയ്യലില്‍ നാഗ്പൂരിലേക്ക് പോവുകയാണെന്ന് ആദ്യം പറഞ്ഞു. ലക്ഷ്യസ്ഥാനം ബിലാസ്പുരാണെന്നു പിന്നീട് മാറ്റിപ്പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രവും യാത്രാവിവരങ്ങളും ഉൾപ്പെടെ മുംബൈ പോലീസ് ആർപിഎഫിന് കൈമാറിയിരുന്നു.
സെയ്ഫിനെ ആക്രമിച്ചയാളാണോ എന്നു സ്ഥിരീകരിക്കാനായി മുംബൈ പോലീസ് സംഘം ഇന്നലെ വൈകുന്നേരത്തോടെ ഛത്തീസ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്. അക്രമിയെ കണ്ടെത്താനായി മുംബൈ പോലീസ് ഇരുപത് സംഘത്തെയാണു നിയോഗിച്ചിരുന്നത്. സംശയത്തിന്റെ പേരിൽ ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ അഞ്ചു മണിക്കൂറോളം ചോദ്യംചെയ്ത ശേഷം തെളിവുകളുടെ അഭാവത്തിൽ വിട്ടയിച്ചിരുന്നു.
അക്രമിയുടേതെന്ന് സംശയിക്കുന്ന നാല് സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് ആറു മണിക്കൂറിനുശേഷം മുംബൈയിലെ ഒരു മൊബൈല്‍ ഫോണ്‍ കടയിലെത്തി ഹെഡ്ഫോണ് വാങ്ങുന്നതിന്റെ ദൃശ്യമാണ് നാലാമത്തേത്. നീല നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച ഇയാളുടെ പുറത്ത് ബാഗും ഉണ്ടായിരുന്നു. ഹെഡ്ഫോണ് വാങ്ങി തുക പണമായി നല്‍കുകയായിരുന്നുവെന്നും കടയുടമ പോലീസിനു മൊഴി നല്കി.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ പോലീസ് തുടരുകയാണ്. ഇന്നലെ സെയ്ഫിന്റെ ഭാര്യ കരീന കപൂറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. വാക്കേറ്റത്തിനിടെ നടനോട് ഏറെ രോഷാകുലനായാണ് അക്രമി സംസാരിച്ചതെന്നു പറഞ്ഞ ഇവർ, മുറിയിലുണ്ടായിരുന്ന ആഭരണങ്ങൾ എടുക്കാൻ ശ്രമിച്ചിരുന്നില്ലെന്നും മൊഴി നൽകി.
സെയ്ഫ് വൈകാതെ ആശുപത്രി വിടും
മുംബൈ: അക്രമിയുടെ കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ കഴിയുന്ന സെയ്ഫ് അലി ഖാൻ ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ.
ബാന്ദ്രയിലെ സത്ഗുരു ശരൺ ബിൽഡിംഗിലെ പന്ത്രണ്ടാം നിലയിലുള്ള താമസസ്ഥലത്തുവച്ച് വ്യാഴാഴ്ച പുലർച്ചെയാണ് നടന് കുത്തേറ്റത്. തുടർന്ന് രക്തം വാർന്നൊലിക്കുന്ന നിലയിൽ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫിനെ കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പ്രത്യേകവാർഡിലേക്ക് മാറ്റി. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി ഒടിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തിരുന്നു.