12 കോടിയുടെ ബാങ്ക് കവർച്ച: സംഘം കേരളത്തിലേക്ക് കടന്നു?
Sunday, January 19, 2025 2:56 AM IST
മംഗളൂരു: ഉള്ളാൾ കെസി റോഡിലെ സഹകരണ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 12 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന സംഘം കടന്നത് കേരളത്തിലേക്കാണെന്ന സംശയം ബലപ്പെടുന്നു.
കവർച്ചാസംഘം സഞ്ചരിച്ചതെന്നു കരുതുന്ന ചാരനിറത്തിലുള്ള ഫിയറ്റ് കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ ദേശീയപാതയിൽ കേരള അതിർത്തിയിലെ തലപ്പാടി ടോൾ ഗേറ്റ് കടക്കുന്നതിന്റെ സിസിടിവി ദൃശ്യം കർണാടക പോലീസിനു ലഭിച്ചു.
ചാക്കുകളിൽ നിറച്ച സ്വർണവും പണവും ആയുധങ്ങളുമായി ബാങ്കിൽനിന്ന് പുറത്തിറങ്ങിയ സംഘം കാറിൽ കയറി മംഗളൂരു ഭാഗത്തേക്കാണ് പോയതെന്ന് നേരത്തേ ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
മംഗളൂരു ഭാഗത്തേക്ക് കുറച്ചു ദൂരം മുന്നോട്ടുപോയ ശേഷം കാർ തിരിച്ച് കാസർഗോഡ് ഭാഗത്തേക്കു വന്നതായാണ് വ്യക്തമാകുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് കവർച്ച നടന്നത്. ഒന്നേകാലോടെ ഈ കാർ തലപ്പാടിയിലെത്തിയെന്നത് ഈ നിഗമനവുമായി ഒത്തുപോകുന്നുണ്ട്.
തലപ്പാടിയിൽനിന്ന് പിന്നീടെങ്ങോട്ടാണ് കാർ പോയതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഈ കാറിനൊപ്പം മറ്റു രണ്ടു വാഹനങ്ങൾകൂടി ഉണ്ടായതായാണ് പോലീസിനു ലഭിക്കുന്ന സൂചന. ഇവ ഒരുമിച്ചുതന്നെ കാസർഗോഡ് ഭാഗത്തേക്ക് വന്നിട്ടുണ്ടോ അതോ പലവഴിക്കായി തിരിഞ്ഞുപോവുകയായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കുന്നതിനായി പ്രധാന പാതകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേരള പോലീസിന്റെ സഹായവും തേടിയതായാണ് സൂചന. കാറിന്റെ നമ്പർപ്ലേറ്റ് വ്യാജമാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.