മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: മേൽനോട്ടത്തിന് പുതിയ സമിതി
സനു സിറിയക്
Friday, January 17, 2025 5:25 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങൾ ദേശീയ ഡാം സുരക്ഷ അഥോറിറ്റി ചെയർമാൻ അധ്യക്ഷനായ പുതിയ മേൽനോട്ട സമിതിക്കു കൈമാറി. ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിഷയം കമ്മിറ്റി പുനഃപരിശോധിക്കും. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ജൽശക്തി മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ വർഷം നവംബർ 21 ലെ കേന്ദ്ര ജല കമ്മീഷന്റെ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട പഴയ മേൽനോട്ട സമിതി പിരിച്ചുവിട്ടുകൊണ്ടാണ് പുതിയ സർക്കുലർ.
അധ്യക്ഷൻ ഉൾപ്പെടെ ഏഴ് അംഗങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ സമിതി. ഇതിൽ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള ജലവകുപ്പിലെ ഓരോ അഡീഷണൽ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പ് ചെയർമാനും അംഗമായിരിക്കും. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് സെന്റർ ഫോർ എക്സലൻസിലെ ഒരു അംഗത്തെയും ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയിലെ ഒരു മെംബറെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയം കഴിഞ്ഞ ജനുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചപ്പോൾ ഡാം സുരക്ഷ അഥോറിറ്റി നിയമപ്രകാരമുള്ള ദേശീയസമിതി രൂപീകരിച്ചിട്ടില്ലെന്നു നിരീക്ഷിച്ച കോടതി ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിനോട് പ്രതികരണം തേടിയിരുന്നു. സുപ്രീംകോടതി വിധിയെത്തുടർന്ന് രൂപം നൽകിയ മേൽനോട്ട സമിതി 2021ൽ പുനഃസംഘടിപ്പിക്കപ്പെട്ടതായി തമിഴ്നാട് സർക്കാർ അന്നു കോടതിയെ അറിയിച്ചു. ഡാം സുരക്ഷ അഥോറിറ്റി ചെയർമാൻ അധ്യക്ഷനായി സമിതി രൂപീകരിച്ചതായി കഴിഞ്ഞ നവംബറിൽ കേന്ദ്ര ജൽശക്തി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിനെക്കുറിച്ചും തമിഴ്നാട് കോടതിയിൽ സൂചിപ്പിച്ചിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച വിജ്ഞാപനമൊന്നും കേന്ദ്രസർക്കാർ പുറത്തു വിട്ടിരുന്നില്ല. സുപ്രീംകോടതി നിരീക്ഷണത്തിനു പിന്നാലെയാണ് ദേശീയ ഡാം സുരക്ഷാ അഥോറിറ്റി ചെയർമാൻ അധ്യക്ഷനായ പുതിയ മേൽനോട്ടസമിതി രൂപീകരിച്ചതായുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
പരിഗണനാ വിഷയങ്ങൾ
* നിശ്ചിത സമയപരിധിയിൽ കമ്മിറ്റി അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണം. മണ്സൂണിനു മുന്പും മണ്സൂണിനിടയിലും സമിതി അണക്കെട്ട് സന്ദർശിച്ച് സുരക്ഷ സംബന്ധിച്ച വിലയിരുത്തൽ നടത്തി വേണ്ട നടപടികൾ സ്വീകരിക്കണം.
* ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ നടപടികൾ സ്വീകരിക്കാം. സുരക്ഷയുമായി ബന്ധപ്പെട്ട് തമിഴ്നാടിനും കേരളത്തിനും വേണ്ട നിർദേശങ്ങൾ നൽകാനും സമിതിക്ക് അധികാരമുണ്ട്. സമിതിയുടെ നിർദേശങ്ങൾ ഇരുസംസ്ഥാനങ്ങളും അംഗീകരിക്കണം
* അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ദേശീയ ഡാം സുരക്ഷാ നിയമം 2021 പ്രകാരമുള്ള എല്ലാ വിഷയങ്ങളിലും സമിതിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കും.
* അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മുൻ വിഷയങ്ങൾ സമിതി പരിശോധിച്ച് ഡാമിന്റെ സുരക്ഷ പുനഃപരിശോധിക്കും. ഡാം സുരക്ഷാ നിയമം 2021 പ്രകാരമായിരിക്കും ഇത്.
* ഡാമിന്റെ സുരക്ഷ മുൻനിർത്തി സമിതി നൽകുന്ന നിർദേശങ്ങളോട് ഇരു സംസ്ഥാനങ്ങളും സഹകരിക്കണം. ഇതിനായി സമിതി നിർദേശിക്കുന്ന നിശ്ചിത സമയപരിധി ഇരു സംസ്ഥാനങ്ങളും പാലിക്കണം.