ദീപിക വഴികാട്ടി: വി.ഡി. സതീശൻ
Sunday, January 19, 2025 2:55 AM IST
ബംഗളൂരു: കാർഷിക വിഷയങ്ങളുന്നയിച്ച് പോരാടാൻ തനിക്ക് സഹായകമായത് ദീപികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദീപിക വാര്‍ഷികാഘോഷത്തിനും പുരസ്കാരചടങ്ങിനും ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു പത്രമോ പ്രസാധക സ്ഥാപനമോ ആരംഭിക്കുന്നത് വളരെ എളുപ്പമാണ്, പക്ഷേ ഉയർന്ന നിലവാരത്തിൽ ഇത്രയും വർഷങ്ങൾ ഒരു പത്രം നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനിടയിൽ വിശ്വാസം, പത്രപ്രവർത്തന മികവിനോടുള്ള അശ്രാന്തമായ പ്രതിബദ്ധത എന്നിവയിലൂടെ മാധ്യമമേഖലയിൽ ശ്രദ്ധേയമായ സ്ഥാനം ദീപികയ്ക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്.
ദീപിക പിന്നാക്കക്കാരെയും അടിച്ചമർത്തപ്പെട്ടവരെയും പ്രതിനിധീകരിക്കുന്നു. കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾ പൊതുധാരയിൽ കൊണ്ടുവന്നത് ദീപികയാണ്. ദീപികയുടെ മുഖപ്രസംഗങ്ങൾ അതിശക്തമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന കാലം: ആര്‍ച്ച്ബിഷപ് മച്ചാഡോ നീതിയുടെ പാതയിൽനിന്ന് വ്യതിചലിക്കാതെയുള്ള ദീപികയുടെ മാധ്യമ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ബാംഗളൂർ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ. ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യാജ വാർത്തകൾ യഥാർഥ വാർത്തകളേക്കാൾ കൂടുതൽ പ്രചരിപ്പിക്കപ്പെടുന്ന കാലമാണിത്. വാർത്തയിലെ നെല്ലും പതിരും തിരിച്ചറിഞ്ഞുള്ള യഥാർഥ മാധ്യമ പ്രവർത്തനം നടത്തുന്ന ദീപികയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും അദേഹം പറഞ്ഞു.
മാധ്യമലോകത്തെ തിളങ്ങുന്ന വെളിച്ചം: വത്തിക്കാന്‍ സ്ഥാനപതി
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി ഉറക്കെ ശബ്ദിക്കുന്ന ജിഹ്വയാണ് ദീപികയെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി പറഞ്ഞു. സാമൂഹിക നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനും സത്യത്തിനും നീതിക്കും മാനുഷിക അന്തസിനുംവേണ്ടി ഉറച്ചുനിൽക്കുന്നതിനും പ്രതിജ്ഞാബദ്ധമായ പത്രമാണ് ദീപിക.
കഴിഞ്ഞ 138 വർഷമായി ധീരമായ റിപ്പോർട്ടിംഗ്, സത്യസന്ധത, കൃത്യത, അചഞ്ചലമായ പ്രതിബദ്ധത, ക്രിസ്തീയ മൂല്യങ്ങളോടുള്ള സമർപ്പണം എന്നിവ ദീപികയെ വ്യത്യസ്തമാക്കുന്നു. മാധ്യമലോകത്ത് ഒരു തിളങ്ങുന്ന വെളിച്ചമായി ദീപിക തുടരട്ടെയെന്നും അദേഹം ആശംസിച്ചു.