ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കാൻ കർഷക സംഘടനകൾ
സ്വന്തം ലേഖകൻ
Friday, January 17, 2025 5:24 AM IST
ന്യൂഡൽഹി: നിരാഹാരസമരം നടത്തുന്ന കർഷകനേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 111 കർഷകർ നിരാഹാരം പ്രഖ്യാപിച്ചതിനു പിന്നാലെ ഡൽഹി ചലോ മാർച്ച് പുനഃരാരംഭിക്കാൻ കർഷക സംഘടനകൾ. 101 പേരടങ്ങുന്ന കർഷകരുടെ സംഘം ഈ മാസം 21 ന് ഡൽഹിയിലേക്ക് മാർച്ച് നടത്തും. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷം ഡിസംബർ 6 , 8 , 14 തീയതികളിൽ ഡൽഹി ചലോ മാർച്ചുമായി കർഷകർ മുന്നോട്ടുനീങ്ങിയെങ്കിലും കേന്ദ്രസേനയും ഹരിയാന പോലീസും കർഷകരെ അതിർത്തിയിൽ തടയുകയും നേരിയ സംഘർഷം ഉടലെടുക്കുകയും ചെയ്തതോടെ കർഷകർ മാർച്ച് ഉപേക്ഷിക്കുകയായിരുന്നു. കർഷകരുമായി ചർച്ച നടത്താൻ കേന്ദ്രസർക്കാർ ഇനിയും യാതൊരു ശ്രമവും നടത്താത്ത സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് കർഷകരുടെ ശ്രമം.
കഴിഞ്ഞ നവംബർ 26ന് പഞ്ചാബിലെ ഖനൗരി അതിർത്തിയിൽ കർഷകനേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ആരംഭിച്ച നിരാഹാരസമരം 52ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതടക്കമുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. കർഷകർ പ്രതിഷേധം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ ഹരിയാന പോലീസ് ഡൽഹി അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.