20 മിനിറ്റുകൊണ്ട് മരണത്തില്‍നിന്നു രക്ഷപ്പെട്ടു; രാജ്യംവിട്ടതിനെക്കുറിച്ച് ഷെയ്ഖ് ഹസീന
Sunday, January 19, 2025 2:55 AM IST
ന്യൂഡല്‍ഹി: ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്യുന്നതിന് നിമിഷങ്ങൾക്കുമുമ്പ് തന്നെയും സഹോദരിയെയും വധിക്കാൻ ശ്രമം നടന്നതായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യം വിട്ടതിനെക്കുറിച്ചും ഓഗസ്റ്റ് 26ന് നടന്ന ഗ്രനേഡ് ആക്രമണത്തില്‍ താനും സഹോദരിയും മരണത്തില്‍നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്നും ഷെയ്ഖ് ഹസീന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ്പിൽ വിശദീകരിക്കുന്നു.
കൊല്ലാന്‍ ശ്രമിച്ച രാഷ്ട്രീയ എതിരാളികളില്‍നിന്ന് തന്നെ രക്ഷിച്ചതിന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിലാണ് ഷെയ്ഖ് ഹസീനയുടെ വാക്കുകള്‍. ‘"ഞങ്ങള്‍ വെറും 20-25 മിനിറ്റിനുള്ളില്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടു.
ഓഗസ്റ്റ് 21ന് നടന്ന കൊലപാതകങ്ങളില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടു. കൊട്ടാലിപ്പാറയിലെ ബോംബില്‍നിന്ന് രക്ഷപ്പെട്ടു. അല്ലാഹുവിന്റെ ഇഷ്ടം, അല്ലാഹുവിന്റെ കൈ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇത്തവണ ഞാന്‍ അതിജീവിക്കുമായിരുന്നില്ല’’-ബംഗ്ലാ ഭാഷയിലുള്ള ഓഡിയോ ക്ലിപ്പില്‍ ഹസീന പറഞ്ഞു.
2004 ഓഗസ്റ്റ് 21 ന് അവാമി ലീഗ് റാലിക്കുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഹസീനയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. 2000 ൽ ധാക്കയിൽനിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയുള്ള കൊട്ടാലിപ്പാറയിൽ ഹസീന സന്ദർശിക്കേണ്ടിയിരുന്ന ഒരു കോളജിൽ ബോംബുകൾ കണ്ടെത്തി. ഇതാണ് ഹസീന പരാമർശിച്ച മറ്റൊരു സംഭവം. “ഞാൻ കഷ്ടപ്പെടുകയാണ്, എനിക്ക് എന്റെ രാജ്യമില്ല, എന്റെ വീടില്ല, എല്ലാം കത്തിനശിച്ചു,” ഓഡിയോ സന്ദേശത്തിന്റെ അവസാനം ഹസീന പറഞ്ഞു.
അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ചുമത്താൻ ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ ഹസീനയുടെ വീസ നീട്ടുകയായിരുന്നു.
ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നയിച്ച പ്രക്ഷോഭം ശക്തമാകുകയും ഹസീനയുടെ കൊട്ടാരം പ്രക്ഷോഭകാരികള്‍ വളയുകയും ചെയ്തതോടെ പ്രധാനമന്ത്രിപദം രാജിവച്ചതിനുശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് സഹോദരി റെഹാനയ്ക്കൊപ്പം ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.