സെയ്ഫ് അലി സേഫ്, മുറിയിലേക്കു മാറ്റി; മരപ്പണിക്കാരൻ കസ്റ്റഡിയിൽ
Saturday, January 18, 2025 2:06 AM IST
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മരപ്പണിക്കാരൻ പോലീസ് കസ്റ്റഡിയിൽ. നടന്റെ വീട്ടിൽ മരപ്പണിക്കായി എത്തിയ വാരിസ് അലി സൽമാനി എന്ന യുവാവാണു പിടിയിലായത്.
അക്രമസംഭവത്തിനു രണ്ടു ദിവസം മുൻപ് സെയ്ഫ് അലി ഖാന്റെ ഫ്ളാറ്റിൽ ഇയാൾ മരപ്പണി നടത്തിയിരുന്നു. പ്രതിയെ ബാന്ദ്ര പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. നടന്റെ വീട്ടിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മോഷണമായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നും അധോലോക സംഘങ്ങൾക്കൊന്നും അക്രമവുമായി ബന്ധമില്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി യോഗേഷ് കദം പറഞ്ഞു. മുംബൈ ബാന്ദ്രയിലെ സത്ഗുരു ശരൺ അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ച പുലർച്ചെ 2.30നാണ് നടനു കുത്തേറ്റത്.ശരീരത്തിൽ തുളച്ചുകയറിയ കത്തിയുമായാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത്.
കഴുത്തിലുൾപ്പെടെ കുത്തേറ്റ 54 കാരനായ താരത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു.
നടൻ അപകടനില തരണം ചെയ്തായി ഡോക്ടർമാർ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആശുപത്രിവിടാനാകുമെന്നു പ്രതീക്ഷിക്കുന്നതായും ന്യൂറോ സർജൻ ഡോ. നിതിൻ ഡാങ്കേ പറഞ്ഞു. കൈയിൽ രണ്ട് മുറിവുകളും കഴുത്തിന്റെ വലതുഭാഗത്ത് ഒരു മുറിവുമുണ്ടായിരുന്നു. പുറത്തുണ്ടായ മുറിവാണു ഗുരുതരമായത്. നട്ടെല്ലിനാണ് പരിക്കേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു.
സുഷുമ്നാ നാഡിയിൽ തട്ടിയെങ്കിലും കാര്യമായ പരിക്കുണ്ടായില്ല- ഡോ. നിതിൻ വിശദീകരിച്ചു. ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുന്ന നടനെ ഡോക്ടർമാർ നടത്തിച്ചു.
ആരോഗ്യനില മെച്ചപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റുകയും ചെയ്തു. ആക്രമണസമയം സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറും മക്കളായ തൈമൂർ (എട്ട്), ജേഹ് (നാല്) എന്നിവരും വീട്ടുജോലിക്കാരായ അഞ്ചു പേരും അവിടെയുണ്ടായിരുന്നു.
അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ഇളയ കുട്ടിയുടെ ആയ മലയാളിയായ ഏലിയാമ്മ ഫിലിപ്പ് പറഞ്ഞു.
""ആരെങ്കിലും സ്ട്രെച്ചർ കൊണ്ടുവരൂ, ഞാൻ സെയ്ഫ് അലി ഖാനാണ്...''
മുംബൈ: വെളുപ്പിനു മൂന്നുമണിയോടടുത്ത് കുർത്ത നിറയെ രക്തവുമായി തന്റെ ഓട്ടോറിക്ഷയിൽ കയറിയത് നടൻ സെയ്ഫ് അലിഖാൻ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡ്രൈവർ ഭജൻ സിംഗ് റാണ. ആദ്യം ബാന്ദ്രയിലെ ആശുപത്രിയിലേക്കു പോകാനാണു തീരുമാനിച്ചത്.
എന്നാൽ, ലീലാവതി ആശുപത്രിയിലേക്കുതന്നെ പോകണമെന്ന് ഓട്ടോയ്ക്കു പിന്നിൽനിന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു. ആശുപത്രിയിലെത്തിയയുടൻ ""ഞാൻ സെയ്ഫ് അലി ഖാനാണ്, ആരെങ്കിലും ഉടൻ സ്ട്രെച്ചർ കൊണ്ടുവരൂ’’ എന്ന് സെക്യൂരിറ്റി ഗാർഡിനെ വിളിച്ചുപറഞ്ഞപ്പോഴാണ് ആളെ പിടികിട്ടിയതെന്ന് ഭജൻ സിംഗ് പറഞ്ഞു.
എട്ടുമിനിറ്റുകൊണ്ട് ആശുപത്രിയിലെത്തി. ഓട്ടോക്കൂലി വാങ്ങിയില്ല. ഓട്ടോയിൽനിന്ന് ഇറങ്ങുന്പോൾ സെയ്ഫിന്റെ കഴുത്തിന്റെയും നട്ടെല്ലിന്റെയും ഭാഗങ്ങളിൽനിന്നു രക്തം പുറത്തേക്കു വരുന്നുണ്ടായിരുന്നു.
ഓട്ടോയിൽ ഏഴുവയസുള്ള കുട്ടിയും സെയ്ഫിന്റെ ആദ്യ ഭാര്യയിലുള്ള മകൻ ഇബ്രാഹിം അലി ഖാനും ഉണ്ടായിരുന്നുവെന്ന് ഭജൻ സിംഗ് റാണ മൊഴി നല്കി.