ആരാധനാലയ നിയമത്തിൽ കോണ്‍ഗ്രസിനെതിരേ ബിജെപി
Sunday, January 19, 2025 2:55 AM IST
ന്യൂഡൽഹി: ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട ഹർജിയെ കോണ്‍ഗ്രസ് പിന്തുണച്ചതിനെതിരേ ബിജെപി. ഹർജിയെ പിന്തുണച്ചതോടെ ഹിന്ദുക്കൾക്കെതിരേ തുറന്ന യുദ്ധമാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചതെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
കോണ്‍ഗ്രസ് പുതിയ മുസ്ലിം ലീഗാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള 1991ലെ നിയമം നിലനിർത്തേണ്ടത് മതേതരത്വത്തിന് അനിവാര്യമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഉൾപ്പെടെ ആറുപേർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഫെബ്രുവരി 17 ന് ഹർജികൾ കോടതി പരിഗണിക്കും.
ആരാധനാലയ നിയമത്തിലെ ചില വകുപ്പുകൾ ചോദ്യം ചെയ്ത് 2020 ലാണ് അശ്വിനി ഉപാധ്യായ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് കൂടുതൽ ഹർജികൾ കോടതി മുന്‍പാകെ സമർപ്പിക്കപ്പെട്ടു.
സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ തത്സ്ഥിതി തുടരണമെന്ന വ്യവസ്ഥ അടക്കമുള്ളവയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.