എഐ പ്രചാരണ ഉള്ളടക്കങ്ങൾ പ്രത്യേകം രേഖപ്പെടുത്തണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
Friday, January 17, 2025 5:25 AM IST
ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസിനെ (എഐ) ആശ്രയിച്ചു നിർമിച്ച പ്രചാരണ ഉള്ളടക്കങ്ങളിൽ അതു പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് രാഷ്ട്രീയപാർട്ടികൾക്ക് കമ്മീഷൻ ഇന്നലെ കത്ത് നൽകി.
പ്രചാരണരംഗത്ത് എഐ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണു കമ്മീഷൻ നടപടി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിക്കുന്ന സിന്തറ്റിക് ഉള്ളടക്കങ്ങൾ സമൂഹത്തിൽ അഭിപ്രായരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്നു വിലയിരുത്തിയാണ് പുതിയ മാർഗനിർദേശമെന്ന് കമ്മീഷൻ കത്തിൽ പറയുന്നു.
രാഷ്ട്രീയപാർട്ടികൾ, നേതാക്കൾ, താരപ്രചാരകർ എന്നിവരടക്കമുള്ളവർ പ്രചാരണ ഉള്ളടക്കങ്ങളിൽ എഐ സഹായം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു വ്യക്തമായി രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങൾക്ക് ഇതു ബാധകമാണ്.
ഇത്തരത്തിൽ ലേബൽ ചെയ്യുന്നത് പ്രചാരണത്തിൽ സുതാര്യത കൊണ്ടുവരുന്നതിനൊപ്പം ഉള്ളടക്കങ്ങളെ തിരിച്ചറിയാൻ വോട്ടർമാരെ സഹായിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയിൽ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വപരവും ധാർമികവുമായ ഉപയോഗത്തിന് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.