വിദ്വേഷപ്രസംഗത്തിൽ ന്യായീകരണം ആവർത്തിച്ച് ജസ്റ്റീസ് ശേഖർകുമാർ യാദവ്
Saturday, January 18, 2025 2:06 AM IST
ന്യൂഡൽഹി: നിയമവ്യവസ്ഥയ്ക്കെതിരേ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് വിദ്വേഷപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവ്. നിക്ഷിപ്ത താത്പര്യമുള്ളവർ തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരുണ് ബൻസാലിയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം മുൻനിലപാട് ഉറപ്പിച്ചത്. ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ ഒറ്റപ്പെടുന്ന ന്യായാധിപന്മാരെ സീനിയർമാർ സംരക്ഷിക്കണമെന്ന് അദ്ദേഹം കത്തിൽ അഭ്യർഥിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത ചില സാമൂഹിക പ്രശ്ങ്ങളെക്കുറിച്ചാണ് താൻ പ്രസംഗത്തിൽ പറഞ്ഞത്. ഒരു സമുദായത്തോടും വിദ്വേഷം സൃഷ്ടിക്കാനല്ല അതു പറഞ്ഞതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള കൊളീജിയം കഴിഞ്ഞ ഡിസംബർ 17ന് ജസ്റ്റീസ് യാദവിനെ വിളിച്ചുവരുത്തി പ്രതികരണം തേടിയിരുന്നു. തുടർന്ന് പ്രശ്നത്തിൽ ക്ഷമാപണം നടത്തുന്നതടക്കമുള്ള വിഷയം കൊളീജിയം പരിഗണിച്ചു.
എന്നാൽ, കൊളീജിയത്തിനു മുന്നിൽ ഹാജരായ ജസ്റ്റീസ് യാദവിന്റെ ഭാഗത്തുനിന്ന് ക്ഷമാപണമോ മറ്റു വിശദീകരണങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന രണ്ടാമതും വിശദീകരണം ആവശ്യപ്പെട്ട് അലഹാബാദ് ചീഫ് ജസ്റ്റീസിന് കത്തെഴുതിയിരുന്നു. ഇതേത്തുടർന്നാണ് ജസ്റ്റീസ് യാദവ് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് വിശദീകരണം നൽകിക്കൊണ്ടുള്ള കത്തെഴുതിയത്.
ജഡ്ജിയുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം ആരംഭിക്കുന്നതിനുള്ള ആദ്യ പടിയായിരുന്നു രണ്ടാമതും വിശദീകരണം തേടിയുള്ള ചീഫ് ജസ്റ്റീസിന്റെ കത്ത്.
ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗമാണു വിവാദമായത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നാണ് ജഡ്ജി പറഞ്ഞത്. ഇതിനെതിരേ പാർലമെന്റിലടക്കം വലിയ പ്രതിഷേധമാണുണ്ടായത്.
ജഡ്ജിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിൽ പ്രമേയത്തിനുള്ള നീക്കം നടത്തിയിരുന്നു. ബാർ അസോസിയേഷനടക്കം ജഡ്ജിയുടെ വിവാദ പരാമർശത്തിനെതിരേ രംഗത്തു വന്നിരുന്നു.